എടാ പോടായെന്ന് നിന്റെ വീട്ടിലുള്ളവരെ വിളിക്കണം: അമ്മാതിരി വിരട്ടൊന്നുംഇങ്ങോട്ട് വേണ്ട: ഭീഷണിയുമായി വന്ന സിപിഎം നേതാക്കളെ പഞ്ഞിക്കിട്ട് കുളനട വില്ലേജ് ഓഫീസര്‍: വീഡിയോ വൈറല്‍

0 second read
Comments Off on എടാ പോടായെന്ന് നിന്റെ വീട്ടിലുള്ളവരെ വിളിക്കണം: അമ്മാതിരി വിരട്ടൊന്നുംഇങ്ങോട്ട് വേണ്ട: ഭീഷണിയുമായി വന്ന സിപിഎം നേതാക്കളെ പഞ്ഞിക്കിട്ട് കുളനട വില്ലേജ് ഓഫീസര്‍: വീഡിയോ വൈറല്‍
0

കുളനട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസര്‍ പള്ളിക്കല്‍ സ്വദേശി കെ. മനോജ് (45) സിപിഎം നേതാക്കളുടെ ഭീഷണി കാരണം വീടിനുള്ളില്‍ തൂങ്ങി മരിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ആ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചതായി ആരോപണവും ഉയരുന്നു. ഇതിനിടെ കുളനട വില്ലേജ് ഓഫീസര്‍ക്ക് നേരെ സിപിഎം പ്രാദേശിക നേതാക്കളുടെ സംഘത്തിന്റെ ഭീഷണി. കുലുങ്ങാതെ വില്ലേജ് ഓഫീസര്‍ തിരിച്ച് പ്രതികരിക്കുന്ന വീഡിയോ വൈറല്‍ ആയി.

സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധുവിന്റെ ഭൂമി വേഗം പോക്കുവരവ് ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു വില്ലേജ് ഓഫീസില്‍ കഴിഞ്ഞ 30 ന് സിപിഎം സംഘത്തിന്റെ ഭീഷണി. 150 പേരുടെ അപേക്ഷ കെട്ടിക്കിടക്കുന്നുണ്ടെന്നും അത് മുന്‍ഗണനാ ക്രമത്തില്‍ മാത്രമേ ചെയ്തു കൊടുക്കാന്‍ കഴിയൂവെന്നും വില്ലേജ് ഓഫീസര്‍ നേരത്തേ സമീപിച്ച നേതാവിനോട് പറഞ്ഞിരുന്നു. സിപിഎം സംഘത്തോടും ഇതേ കാര്യം ആവര്‍ത്തിച്ചു. എന്നാല്‍, തന്റെ ബന്ധുവിന് ഗള്‍ഫില്‍ പോകാനുള്ളതാണെന്നും അതു കൊണ്ട് പോക്കുവരവ് വേഗം ചെയ്തു കൊടുക്കണമെന്നുമായിരുന്നു വന്നവരുടെ ആവശ്യം.

ഇതിനിടെ വന്നവരില്‍ ചിലര്‍ എടായെന്നും നീയെന്നും വില്ലേജ് ഓഫീസറെ സംബോധന ചെയ്തു. കുപിതനായ വില്ലേജ് ഓഫീസര്‍ ശ്രീലാല്‍ അതൊക്കെ നിന്റെ വീട്ടില്‍ ചെന്ന് അവിടെ ഇരിക്കുന്നവരെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു. സര്‍ക്കാരിന്റെ ശമ്പളം മേടിച്ച് നക്കുന്നവനല്ലേടാ നീയെന്ന്‌നേതാക്കള്‍ പറഞ്ഞു. ആ സൈസ് വിരട്ടൊന്നും വേണ്ട എന്നായിരുന്നു ശ്രീലാലിന്റെ പ്രതികരണം. ഞാനിവിടെ മാന്യമായിട്ടാണ് ജോലി ചെയ്യുന്നത്. നിങ്ങളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ടെന്നും വില്ലേജ് ഓഫീസര്‍ മറുപടി നല്‍കി. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് പരാതി നല്‍കുമെന്നും അദ്ദേഹം ഇവരോട് പറയുന്നുണ്ട്.

ബന്ധുവിന്റെ ഭുമി പോക്കുവരവ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് വില്ലേജ് ഓഫീസര്‍ ശ്രീലാല്‍ പന്തളം പോലീസില്‍ പരാതി നല്‍കി. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചോളം പ്രവര്‍ത്തകരാണ് ഭീഷണി മുഴക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. ഇതേ പരാതി കോഴഞ്ചേരി തഹസില്‍ദാര്‍ക്കും നല്‍കിയിട്ടുണ്ട്. അതേ സമയം, വില്ലേജ് ഓഫീസര്‍ നാട്ടുകാരോട് മോശമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് സി.പി.എം നേതൃത്വം പറയുന്നത്. ബന്ധുവിന്റെ ഭുമി പോക്കുവരവ് ചെയ്തു കൊടുക്കുന്നത് വൈകിയതിന്റെ കാരണം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ നീ കൂടുതല്‍ മസില്‍ പിടിക്കരുതെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞുവെന്നാണ് ആരോപണം.

സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20 ന് കടമ്പനാട് വില്ലേജ് ഓഫീസര്‍ കെ. മനോജ് ജീവനൊടുക്കിയിരുന്നു. ഈ കേസില്‍ അന്വേഷണം മരവിച്ചിരിക്കുകയാണ്. അടൂര്‍ ആര്‍ഡിഓ കലക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ സമ്മര്‍ദമാണ് മനോജിന്റെ ആത്മഹത്യയിലേക്ക് വഴി തെളിച്ചതെന്ന് പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയ നേതാവിന്റെ പേര് മനോജിന്റെ വീട്ടുകാര്‍ പറഞ്ഞിട്ടും ആര്‍ഡിഓയുടെ റിപ്പോര്‍ട്ടില്‍ ചേര്‍ത്തില്ല എന്നൊരു ആക്ഷേപവും നിലനില്‍ക്കുന്നു.

Load More Related Articles
Comments are closed.

Check Also

ഓപ്പറേഷന്‍ പി ഹണ്ട്: പത്തനംതിട്ട ജില്ലയി നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടികൂടി

പത്തനംതിട്ട: നിരന്തരം അശ്ലീലസൈറ്റുകള്‍ സന്ദര്‍ശിക്കുകയും, അശ്ലീലദൃശ്യങ്ങള്‍ കാണുകയും ശേഖരി…