
ഏനാത്ത്: അശ്വതി കാർ കെയർ സർവിസ് സെന്ററിൽ മദ്യപിച്ച് സ്റ്റീൽ പൈപ്പുമായെത്തി സ്ഥാപനത്തിലെ ഇലക്ട്രിക് ഉപകരണങ്ങൾ അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തിയ യുവാവിനെ പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സംഭവം. ഏനാത്ത് കീരത്തിൽ പാലത്തിനു സമീപം പയറ്റുംവിള പുത്തൻവീട്ടിൽ അഖിൽ( 29 )ആണ് അറസ്റ്റിലായത്. ഏനാത്ത് ദേശക്കല്ലുംമൂട് ആതിര വീട്ടിൽ ചന്തു രാജ് നടത്തുന്നതാണ് സ്ഥാപനം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ കൈയ്യോടെ പിടികൂടി. ഏനാത്ത് പെട്രോൾ പമ്പിന് സമീപത്തെ കാർ കെയർ സർവീസ് സെന്ററിലായിരുന്നു യുവാവിന്റെ ആക്രമണം.
2023- 24 കാലത്ത് ഇവിടെ അഖിൽ ജോലി ചെയ്തിരുന്നു. മദ്യപിച്ച് എത്തിയ ഇയാൾ ചന്തു രാജിനെയും ജീവനക്കാരെയും ചീത്തവിളിച്ചുകൊണ്ട്, കയ്യിലിരുന്ന സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് കംപ്രസ്സർ വാക്വo ക്ലീനർ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ അടിച്ച് നശിപ്പിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ചന്തു രാജിന്റെ മൊഴിയിൽ പറയുന്നു. എസ് ഐ ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.