
പത്തനംതിട്ട: കല്ലറക്കടവ് കല്ലറപ്പാറ മഹാദേവക്ഷേത്രത്തില്‍ അതിക്രമം കാട്ടിയ അമൃത വിദ്യാലയത്തിന് സമീപം പുതിയ്യത്ത് മേലേതില്‍ വീട്ടില്‍ ടി. പവിത്ര(27)നെ പോലീസ് അറസ്റ്റ് ചെയ്തു. 19 ന് രാത്രി ഏഴരയ്ക്കും ഇന്നലെ രാവിലെ ഏഴിനുമിടയ്ക്കാണ് സംഭവം. ക്ഷേത്രമുറ്റത്ത് കടന്ന് മഹാദേവ വിഗ്രഹത്തിനും മറ്റും നാശനഷ്ടമുണ്ടാക്കുകയും, ആചാരതടസം സൃഷ്ടിക്കുകയും ചെയ്തു എന്നതാണ് കേസ്. ക്ഷേത്രനടത്തിപ്പു ചുമതലക്കാരനായ കല്ലറക്കടവ് തോളൂര്‍ മേഘമല്‍ഹാര്‍ വീട്ടില്‍ ജെ. അജിത് കുമാറിന്റെ പരാതിപ്രകാരമാണ് കേസ് എടുത്തത്.
സ്ഥലത്ത് ശാസ്ത്രീയ അനേ്വഷണസംഘം, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് അനേ്വഷണത്തിനിടെ ലഭിച്ച മൊഴിപ്രകാരം പവിത്രനെ രണ്ട് മണിയോടെ കല്ലറക്കടവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സാക്ഷികളെ കാട്ടി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് ചെയ്തു. പ്രതി പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി.