പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലത്തേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചുവെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച സുഖദര്‍ശനം സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പോലീസും ദേവസ്വം ബോര്‍ഡും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല പോലീസും ബോര്‍ഡും സംയുക്തമായി വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്യാതെ വരുന്ന ഒരു ഭക്തനെയും തിരിച്ചയയ്ക്കില്ല. ഇങ്ങനെ എത്തുന്നവര്‍ ആധാറോ അംഗീകൃത തിരിച്ചറിയല്‍ രേഖയോ കാണിക്കണം.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ പമ്പയിലേക്ക് നീട്ടാന്‍ തീരുമാനിച്ചു. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് സാധാരണ പോലെ തുടരും. ചെറുവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. നിലയ്ക്കല്‍ പാര്‍ക്കിങ് ഏരിയയുടെ വിസ്തൃതി വര്‍ധിപ്പിച്ചു. 2000 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുളള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരുമേലിയില്‍ ഹൗസിങ് ബോര്‍ഡിന്റെ ആറേക്കര്‍ പാര്‍ക്കിങ്ങിനായി ഏറ്റെടുത്തു. ഇവിടെ ഹൗസിങ് ബോര്‍ഡ് തന്നെ വൃത്തിയാക്കി നല്‍കും. തിരുപ്പതി മോഡല്‍ ദര്‍ശന സൗകര്യത്തിനുള്ള ദീര്‍ഘകാല പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. റോപ്പ്‌വേയുടെ നിര്‍മാണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നു. പ്രായം ചെന്നവരെയും അസുഖബാധിതരെയും റോപ്പ് വേ വഴി എത്തിക്കും. റോപ്പ്‌വേ നിര്‍മാണത്തിന് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം പുനലൂര്‍ താലൂക്കില്‍ ഭൂമി റവന്യൂവകുപ്പ് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവര്‍ പ്രസംഗിച്ചു.