കോഴഞ്ചേരി: പ്രഫഷന്‍ വിമാന മെക്കാനിസമെങ്കിലും പാഷന്‍ പള്ളിയോട നിര്‍മ്മാണത്തോട്. ആറന്മുള പള്ളിയോടങ്ങളുടെ പെരുന്തച്ചന്‍ ചങ്ങംകേരി വേണു ആചാരിയുടെ മകന്‍ വിഷ്ണുവാണ് എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിങ് ജോലിക്ക് ഇടവേള നല്‍കി ചുണ്ടന്‍ വള്ള നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഇത് ആദ്യമായല്ല വിഷ്ണു പള്ളിയോടം നിര്‍മാണത്തിനായി അച്ഛനെ സഹായിക്കാന്‍ എത്തുന്നത്.
നാലാമത്തെ പുതിയ പള്ളിയോടമാണ് ഇപ്പോള്‍ വിഷ്ണുവിന്റെ കൂടി കരവിരുതില്‍ ഒരുങ്ങുന്നത്. 2010 ലാണ് വിഷ്ണു എയര്‍ ക്രാഫ്റ്റ് എന്‍ജിനിയറിങ് പഠനം ആരംഭിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം 2015 ല്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ ട്രെയിനിയായി പ്രവേശിച്ചു. അധിക കാലം അവിടെ തുടര്‍ന്നില്ല. മുത്തച്ഛന്‍ പ്രശസ്തനായ ശില്പി ചങ്ങംകേരി തങ്കപ്പന്‍ ആചാരി തെളിച്ച പാതയിലേക്ക് വിഷ്ണുവും എത്തി. ആകെയുള്ള 52 ആറന്മുള പള്ളിയോടങ്ങളില്‍ 27 എണ്ണം പിതാവ് വേണു ആചാരിയാണ് നിര്‍മിച്ചിട്ടുള്ളത്. പമ്പാനദിയിലെ ഓളപ്പരപ്പിലൂടെ തുള്ളിയോടുന്നതാണ് പള്ളിയോടങ്ങള്‍. ആറന്മുള ഭഗവാന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്ന പള്ളിയോടങ്ങളുടെ രൂപകല്‍പ്പനക്ക് പിന്നിലെ തച്ചു ശാസ്ത്രം വളരെ വലുതാണ്. വെള്ളത്തില്‍ ഇറങ്ങാതെ തടി മുറിച്ച് കോലും അംഗുലവും അളവാക്കിയാണ് ശില്‍പ്പികള്‍ പള്ളിയോടം നിര്‍മ്മിക്കുന്നത്.
ഇപ്പോഴും കരകളിലെ മാലിപ്പുരകളില്‍ പള്ളിയോടങ്ങളുടെ നിര്‍മ്മാണത്തില്‍ ആധുനിക എന്‍ജിനിയറിങ് വൈദഗ്ദ്ധ്യം കൈവന്നിട്ടില്ല. പരമ്പരാഗത ശില്‍പ്പികള്‍ തങ്ങളുടെ തോത് അനുസരിച്ച് തന്നെയാണ് നൂറ്റാണ്ടുകള്‍ കഴിയുമ്പോഴും ആറന്മുള പള്ളിയോടങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവിടേക്കാണ് വിമാന മെക്കാനിസം പഠിച്ച് ജോലി ചെയ്യുന്ന വിഷ്ണു വേണു ആചാരിയുടെ കടന്നു വരവ്. കോഴഞ്ചേരി പള്ളിയോടം നിര്‍മ്മിച്ചായിരുന്നു
തുടക്കം. ഇപ്പോള്‍ ഇന്‍ഡിഗോയില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് പൂവത്തൂര്‍ പള്ളിയോടം നിര്‍മ്മിക്കാന്‍ എത്തിയിരിക്കുന്നത്. പ്രശസ്തമായ ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പുറമെ പമ്പാ നദിയിലെ ചെറുതും വലുതുമായ നിരവധി ജലമേളകളിലും പള്ളിയോടങ്ങള്‍ പങ്കെടുക്കും. ആറന്മുള വള്ളസദ്യകള്‍ പാര്ഥസാരഥിക്ക് സമര്‍പ്പിക്കുമ്പോള്‍ ഇത് ഏറ്റുവാങ്ങുന്നതും പള്ളിയോടവും കരക്കാരുമാണ്.