
പത്തനംതിട്ട: മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനും സര്‍വീസസ് വോളിബോള്‍ കോച്ചുമായിരുന്ന പ്രക്കാനം കൊല്ലന്റയ്യത്ത് ഇ.എം. കൊച്ചീപ്പന്‍ (83) അന്തരിച്ചു.
1963 ല്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സേനയുടെ വോളിബോള്‍ ടീം അംഗമായും കോച്ചുമായി ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇതിനിടെ പാട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നിന്നും മികച്ച കോച്ചായി പാസ് ഔട്ടായി.
ഇതേ തുടര്‍ന്ന് കര,നാവിക,വ്യോമ സംയുക്ത സേനകളുടെ കായിക വിഭാഗമായ സര്‍വീസസിന്റെ കോച്ചായി മാറി. 1982 ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ ഗയിംസിന്റെ മുഖ്യസംഘാടകനായി പ്രവര്‍ത്തിച്ചു. പൂനയിലെ വ്യോമസേനാ താവളത്തില്‍ കൊച്ചീപ്പന്‍ മുന്‍കൈ എടുത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് പിന്നിട് വോളിബോള്‍ രംഗത്തെ സേവനം മാനിച്ച് അദ്ദേഹത്തിന്റെ പേര് നല്കി ആദരിച്ചു. ഒരു മലയാളിയുടെ പേരില്‍ മറുനാട്ടില്‍ ഒരു സ്മാരകം അതും ചരിത്രമായി.
36 വര്‍ഷത്തെ സേവനത്തിന് ശേഷം 1996 ല്‍ വിരമിച്ചെങ്കിലും പ്രക്കാനത്തെ യുവതലമുറയ്ക്ക് വോളിബോള്‍ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഈ പ്രായത്തിലും പ്രസരിപ്പിന് നഷ്ടം വന്നിട്ടില്ല. 21-ാം വയസില്‍ പഠനം ഉപേക്ഷിച്ചാണ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. പിന്നെ പട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലകനായി. അദ്ദേഹത്തിന്റെ പരിശീലനത്തില്‍ കീഴില്‍ ടീം ഒരു പാട് വിജയങ്ങള്‍ നേടി.
ഇന്ത്യന്‍ കായിക ഭൂപടത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന കൊച്ചു
ഗ്രാമത്തിന്റെ പേര് വോളിബോളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. വോളിബോളിലൂടെ നാടിന്റെ പേരും പെരുമയും വാനോളം ഉയര്‍ത്തിയ കൊച്ചീപ്പന്റെ വിയോഗം പ്രക്കാനം ഗ്രാമത്തിന് നികത്താനാകാത്ത നഷ്ടമാണ്. സംസ്‌കാരം ഒന്നിന് രാവിലെ 11.30 ന് നടക്കും.