രണ്ടായിരം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ട് 5800! പത്തനംതിട്ട കാര്‍ഷിക വികസന ബാങ്കില്‍ നടന്നത് കള്ളവോട്ടിന്റെ പ്രളയം: യുഡിഎഫ് കോടതിയിലേക്ക്‌

0 second read
Comments Off on രണ്ടായിരം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്ത തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ട് 5800! പത്തനംതിട്ട കാര്‍ഷിക വികസന ബാങ്കില്‍ നടന്നത് കള്ളവോട്ടിന്റെ പ്രളയം: യുഡിഎഫ് കോടതിയിലേക്ക്‌
0

പത്തനംതിട്ട: തെരഞ്ഞെടുപ്പിന് വിതരണം ചെയ്തത് 2000 തിരിച്ചറിയല്‍ കാര്‍ഡാണ്. എന്നാല്‍ ചെയ്ത വോട്ടാകട്ടെ 5800ല്‍പ്പരം. വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 30 വര്‍ഷത്തിന് ശേഷം ബാങ്ക്  ഭരണം യുഡിഎഫിന് നഷ്ടമായി. പത്തനംതിട്ട കാര്‍ഷിക ഗ്രാമവികസന ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് വ്യാപകമായി കള്ളവോട്ട് നടന്നത്. പൊലീസിനെയും സകല സന്നാഹങ്ങളെയും ഉപയോഗിച്ചാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ മേല്‍ക്കൈ നേടാന്‍ പത്തനംതിട്ടയിലെ ബാങ്ക് പിടിക്കേണ്ടത് എല്‍ഡിഎഫിന് അനിവാര്യമായിരുന്നു. തൊട്ടു മുന്‍പ് നടന്ന പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കള്ളവോട്ടും ഒപ്പഗമുണ്ടായിട്ടും ഒന്നൊഴികെ എല്ലാ സീറ്റിലും എല്‍ഡിഎഫ് പരാജയപ്പെട്ടത് നേതാക്കളെ ഞെട്ടിച്ചിരുന്നു. ഇക്കുറി അതുണ്ടാകാതിരിക്കാന്‍ സകല മുന്‍കരുതലും എടുത്തിരുന്നു.

ബാങ്കില്‍ ആകെ 8500 അംഗങ്ങളുണ്ട്. ബാങ്ക് തുടങ്ങിയ കാലം മുതലുള്ള അംഗസംഖ്യയാണിത്. ഇതില്‍ ഒരു പാട് പേര്‍ മരിച്ചു പോയിട്ടുണ്ട്. നാട്ടിലില്ലാത്തവരും അനവധി. എന്നാല്‍, ഇവരുടെയൊന്നും പേര് അംഗത്വത്തിലും വോട്ടര്‍ പട്ടികയിലും നിന്ന് നീക്കിയിരുന്നില്ല. ഇതാണ് വ്യാപക കള്ളവോട്ടിന് വഴിയൊരുക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള 2000 പേര്‍ക്കാണ് തിരിച്ചറിയില്‍ കാര്‍ഡ് കൊടുത്ത്. പക്ഷേ, വോട്ട് ചെയ്യാന്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുമായി വന്നത് 5800 പേരാണ്. ഉദ്യോഗസ്ഥരാകട്ടെ ഇതിന് ഒത്താശയും ചെയ്തു.  ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായിരുന്ന ചിലര്‍ക്ക് സഹകരണ ചട്ടം പ്രകാരം മത്സരിക്കാനുള്ള യോഗ്യത  ഇല്ലായിരുന്നു. ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. തല്‍ക്കാലം ഇവര്‍ മത്സരിച്ച് തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നതായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ഇരുപക്ഷവും കള്ളവോട്ട് നന്നായി ചെയ്തു. എന്നാല്‍, കൂടുതല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വന്നത് എല്‍ഡിഎഫായിരുന്നു.

കള്ളവോട്ട് ആരോപിച്ച് സംഘര്‍ഷമുണ്ടായപ്പോള്‍ നാലു റൗണ്ട് ലാത്തിച്ചാര്‍ജ് നടന്നു. മുന്‍ ആറന്മുള എംഎല്‍എ കെ.സി രാജഗോപാല്‍ അടക്കമുള്ളവരെ പോലീസ് മര്‍ദിച്ചു. കള്ളവോട്ട് ചെയ്യുന്നത് തടയാന്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം ശ്രമിക്കുന്നതിനിടെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്. എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള പോലീസുകാരും ഒരു എസ്.ഐയും ചേര്‍ന്നാണ് മുന്‍ എം.എല്‍.എയെ മര്‍ദിച്ചത്. നിലത്തു വീണ അദ്ദേഹത്തെ അവിടെ ഇട്ട് ചവിട്ടുകയും ചെയ്തുവെന്ന് പറയുന്നു. മുന്‍ എം.എല്‍.എയാണെന്ന് പറഞ്ഞിട്ടും രാജഗോപാലിനെ പോലീസ് മര്‍ദിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നിട്ടും വ്യാപകമായി കളളവോട്ട് നടന്നു. ഇടയ്ക്ക് ചെറിയ സംഘര്‍ഷം വന്നപ്പോഴാണ് നാലു തവണ പോലീസ് ലാത്തി വീശിയത്.
വിജയികള്‍: കെ. അനില്‍,  കെ. അനില്‍കുമാര്‍, അഡ്വ. പി.എന്‍. അബ്ദുള്‍ മനാഫ്, എ. ഗോകുലേന്ദ്രന്‍, എസ്. ബിജു, ലളിതാഭായി, വര്‍ഗീസ് ദാനിയേല്‍, ബി. ഷാഹുല്‍ ഹമീദ് (ജനറല്‍ മണ്ഡലം), ആനി സ്ലീബ, പി.ഡി.  രമ, സലിജ (വനിതാ മണ്ഡലം), ടി.കെ. പൊടിയന്‍ (എസ്.സി/എസ്.ടി മണ്ഡലം), പി.കെ. സലിംകുമാര്‍ (നിക്ഷേപ മണ്ഡലം).

ഇത് കള്ളവോട്ടിന്റെ വിജയമെന്ന് ഡിസിസി പ്രസിഡന്റ്

സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കള്ളവോട്ടും അക്രമവും ഭീഷണിയും നടത്തി നേടിയ അധാര്‍മ്മിക വിജയമാണ് ഇടതുമുന്നണി പത്തനംതിട്ട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലേതെന്ന് ഡിസിസി പ്രസിസന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.

പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് പിടിച്ചെടുക്കുവാന്‍ സിപിഎം നേതൃത്വം നടത്തിയ ഹീനമായ ശ്രമം പരാജയപ്പെട്ട ശേഷം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പിടിച്ചടക്കുവാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും സിപിഎം, ഡിവൈഎഫ് ഗുണ്ടകളെ ഇറക്കി വ്യാജ കാര്‍ഡുകളും ബാലറ്റ് പേപ്പറുകളും നിര്‍മിച്ച് വ്യാപകമായി കള്ളവോട്ടും അക്രമവും ഭീഷണിയും നടത്തിയാണ് ഭരണം പിടിച്ചെടുത്തത്. ഇതിനായി സഹകണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുകയും ചെയ്തു. വ്യാജ തിരിച്ചറിയല്‍, ബാലറ്റ് പേപ്പര്‍ നിര്‍മാണം എന്നിവയെക്കുറിച്ചും കള്ള വോട്ടിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിസന്റ് ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ച് നിക്ഷേപകരുടെ പണം തട്ടിയെടുക്കുന്ന സിപിഎം നേതൃത്വം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്തനംതിട്ട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിനെ തകര്‍ക്കുമെന്ന് സതീഷ് കൊച്ചുപറമ്പില്‍ മുന്നറിയിപ്പ് നല്‍കി. കള്ളവോട്ടും അക്രമവും നടത്തി എല്ലാ കാലത്തും വിജയിക്കാമെന്ന സിപിഎം വ്യാമോഹത്തിന് കാലം തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…