
മല്ലപ്പള്ളി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് വന്നാല്‍ പ്രവര്‍ത്തകര്‍ സമര പരിപാടി ബഹിഷ്കരിക്കുമെന്ന് കണ്ട് പകരം യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീനെ ഇറക്കിയിട്ടും രക്ഷയില്ല. ഉദ്ഘാടനം കഴിഞ്ഞയുടനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്കരിച്ചു.
കഴിഞ്ഞയിടെ മല്ലപ്പളളി ബ്ലോക്ക് കമ്മറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. കുര്യനോടുള്ള പ്രതിഷേധമായിട്ടായിരുന്നു തമ്മില്‍ തല്ല്. അദാനിയുടെ ഓഹരി തട്ടിപ്പിനെതിരേ വെള്ളിയാഴ്ച എസ്ബിഐ മല്ലപ്പള്ളി ശാഖയുടെ മുന്നില്‍ സമരം നടത്താന്‍ എഐസിസി നിര്‍ദേശ പ്രകാരം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി തീരുമാനിച്ചിരുന്നു. സാധാരണ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി എന്തു പരിപാടി നടത്തിയാലും ഉദ്ഘാടനം ചെയ്യുക പി.ജെ. കുര്യനായിരുന്നു. എന്നാല്‍, കുര്യന് വന്നാല്‍ വീണ്ടും അടിപിടിയുണ്ടാകുമെന്ന് കണ്ട് യുഡിഎഫ് കണ്‍വീനര്‍ എ. ഷംസുദ്ദീനെയാണ് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ നിയോഗിച്ചത്.
ഉദ്ഘാടനത്തിന് പിന്നാലെ ജില്ലാ സെക്രട്ടറി മാത്യു ചാമത്തിലിന്റെ നേതൃത്വത്തില്‍ നല്ലൊരു വിഭാഗം ഇറങ്ങിപ്പോയി. പ്രസാദ് ജോര്‍ജ്, സുരേഷ് ബാബു പാലാഴി, തോമസ് തുരുത്തിപ്പള്ളി, പുഷ്ക്കരന്‍, സലീല്‍ സാലി, സാജന്, റെജി പണിക്കമുറി, കെ. ജെ. ഉമ്മന്‍, സുരേഷ് വലുപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം പേരാണ് ഇറങ്ങിപ്പോന്നത്.