
കോഴഞ്ചേരി: കനത്ത വേനല്‍ മഴയില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തോട് ചേര്‍ന്നുള്ള മതില് ഇടിഞ്ഞു. ക്ഷേത്രത്തില്‍ നിന്നും പമ്പാ നദിയിലേക്ക് ഇറങ്ങുന്ന ഭാഗത്തിനും വടക്കേ ഊട്ടുപുരക്കും ഇടയ്ക്കുള്ള മതിലാണ് ഇടിഞ്ഞത്. രണ്ടു നിലയുള്ള ഊട്ടുപുരയ്ക്കും വിള്ളലുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. മഴ പെയ്തിരുന്നതിനാല്‍ അധികമാരും അവിടെ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് മതില്. കിഴക്കേ നടയില്‍ നിന്നും ഊട്ടുപുരക്ക് താഴെക്കൂടി നദിയിലേക്ക് പോകുന്ന റോഡിലേക്കാണ് മതില് ഇടിഞ്ഞ് അവശിഷ്ടങ്ങള്‍ പതിച്ചത്.
വള്ളം കളിക്കും വള്ളസദ്യക്കും ജനം തിങ്ങിക്കൂടുകയും കടന്നു പോകുകയും ചെയ്യുന്ന സ്ഥലമാണിത്. രണ്ട് നിലകളിലായുള്ള വടക്കേ ഊട്ടുപുരയില്‍ നിന്നും സദ്യക്ക് ശേഷം പുറത്തേക്ക് പോകുന്നതും ഇത് വഴിയാണ്. ആറന്മുള ക്ഷേത്രത്തിലെ ഭജനമിരുപ്പുകാര് പലപ്പോഴും വിശ്രമത്തിനായി മതില്ക്കകത്തെ ഈ ഭാഗം തെരഞ്ഞെടുക്കാറുണ്ട്. ക്ഷേത്രത്തിലെ പ്രധാന കുടിവെള്ള സംഭരണിയും ഇതിനോട് ചേര്‍ന്നാണ്. മതിലിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ടെങ്കിലും വര്‍ഷാവര്‍ഷം ഒരു കുമ്മായം തേയ്ക്കല്‍ മാത്രമാണ് ചെയ്യുന്നത്. മറ്റ് അറ്റകുറ്റ പണികളോ സംരക്ഷണമോ നടത്താറില്ല. കിഴക്കേ ഗോപുരത്തിന്റെ തെക്കുഭാഗത്തെ മതിലും അപകടാവസ്ഥയിലായിട്ട് കാലങ്ങളായി. ഇവിടെയും ദേവസ്വം മരാമത്ത് വിഭാഗം ഒന്നും ചെയ്തിട്ടില്ല. പുതിയ നിര്‍മ്മിതികള്‍ പലതും ക്ഷേത്രത്തില്‍ ഉണ്ടായെങ്കിലും പഴമ സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടിഞ്ഞാറേ ഗോപുര ഭാഗവും കാലവര്‍ഷത്തില്‍ ഇടിഞ്ഞിരുന്നു. ഇത് പുനര്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. കിഴക്കേ ഗോപുരമാകട്ടെ പൊളിച്ചിട്ടിട്ട് മാസങ്ങളായി. കാലവര്‍ഷം ആയപ്പോള്‍ ടാര്‍പ്പാളിന്‍ ഉപയോഗിച്ച് മൂടി വച്ചിരിക്കുകയാണ്. മഹാ ക്ഷേത്രം എന്ന നിലയിലും വള്ളസദ്യയുടെ കണക്കിലും വരവ് ഏറെ ആണെങ്കിലും വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നാക്കമാണ് ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം.