ചിറ്റാര്‍: വനമേഖലയില്‍ കൊണ്ടു തളളിയ മാലിന്യത്തില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയുടെ അഡ്രസ്. അതു നോക്കി ആളെ കണ്ടു പിടിച്ച് നേരെ കൊണ്ടു വന്ന് ഇട്ട മാലിന്യം വാരിച്ച് വനപാലകര്‍.
ചിറ്റാര്‍-തണ്ണിത്തോട് റോഡില്‍ ഇന്റര്‍ലോക്ക് പാകിയിരിക്കുന്ന ഭാഗത്തെ വനമേഖലയിലെ കല്ലംപ്ലാവ് ഭാഗത്താണ് ചിറ്റാറിലെ ബാര്‍ബര്‍ ഷോപ്പിലെ മുടിയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. മാലിന്യത്തില്‍ നിന്നും ലഭിച്ച അഡ്രസില്‍ നിന്നും ഉടമയെ തിരിച്ചറിഞ്ഞു. തണ്ണിത്തോട് പോലീസിന്റെ സഹായത്തോടെ ചിറ്റാറിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയെയും മാലിന്യം കൊണ്ടു തള്ളിയ ഓട്ടോറിക്ഷ ഉടമയെയും സ്ഥലത്തെത്തിച്ചു. ഇവരെ കൊണ്ട് തന്നെ സ്ഥലങ്ങള്‍ വൃത്തിയാക്കി.
ചിറ്റാര്‍ ഗ്രാമപഞ്ചായത്തു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മാലിന്യം നിക്ഷേപിച്ചതിനു പിഴ ഈടാക്കുമെന്ന് അറിയിച്ചു. തണ്ണിത്തോട് സ്‌റ്റേഷന്‍ സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍ എ.എസ്. മനോജ്, ബി.എഫ്.ഓമാരായ കെ.എസ്.ശ്രീരാജ്, ജി. ബിജു, എം.ആര്‍. നാരായണന്‍ കുട്ടി, വിജി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി എന്നിവര്‍ നേതൃത്വം നല്‍കി.