
എടത്വ: തലവടി തെക്കെ കരയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആനപ്രമ്പാല്‍ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തില്‍ തോട്ടിലെ മാലിന്യങ്ങള്‍ യുവാക്കള്‍ നീക്കി.
സാല്‍വേഷന്‍ ആര്‍മി പള്ളി പടി മുതലാണ് തുടക്കമിട്ടിരിക്കുന്നത്.ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി നടന്ന ചടങ്ങ് സൗഹൃദ വേദി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ബാലമുരളി പൗരസമിതി പ്രസിഡന്റ് സുരേഷ് പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മണക്കളം, ട്രഷറര്‍ റോഷ്‌മോന്‍ ജോ.സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പി, വൈസ്പ്രസിഡന്റ് മഹേഷ് പാലപറമ്പില്‍, അനിയന്‍ വര്‍ഗ്ഗീസ്, ബാബു വഞ്ചിപുരയ്ക്കല്‍, സി.കെ സുരേന്ദ്രന്‍, സാം വി.മാത്യൂ എന്നിവര്‍ നേതൃത്വം നല്കി.
തോടുകളിലെയും പാടശേഖരങ്ങളിലെ വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങള്‍ക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികള്‍ അനുഭവിക്കുന്നത് ഇരട്ടി ദുരിതമാണ്. ഈ പ്രദേശത്ത് പൊതു ടാപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. റോഡുകള്‍ മണ്ണിട്ട് ഉയര്‍ത്തിയതോടെ പൊതു ടാപ്പുകള്‍ എല്ലാം മണ്ണിനടിയിലായി.
തലവടി തെക്കെക്കരയില്‍ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2017 ജൂണ്‍ 6ന് ഉത്തരവ് ഇട്ടിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവൈള്ള വിതരണം നടത്തണമെന്നുള്ളതാണ് സര്‍ക്കാര്‍ ഉത്തരവ്.വര്‍ഷം 5 കഴിഞ്ഞിട്ടും ചില ദിവസങ്ങളില്‍ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്തത്.ഈ ഉത്തരവുകള്‍ എല്ലാം നിലവിലിരിക്കെ പ്രദേശവാസികള്‍ ശുദ്ധജലത്തിനായി അനുഭവിക്കുന്ന ദുരിതമേറേയാണ്.
തലവടി തെക്കേക്കരയുടെ ശുദ്ധ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധസമര പരിപാടികള്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയിട്ടുണ്ട്.