മേപ്പാടി: കേരളം ഒന്നാകെ ഞെട്ടിയ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തില്‍ മുണ്ടക്കൈ, ചൂരല്‍മലയില്‍ ഇന്ന് രാവിലെ മൂന്ന് വീടുകളില്‍ നിന്നുമായി എട്ടുപേര്‍ മരിച്ചു കുടുങ്ങിക്കിടക്കുന്നതായി വിവരം.
വീടുകള്‍ തകര്‍ന്ന നിലയിലാണ് നില്‍ക്കുകയാണ്. സന്നദ്ധപ്രവര്‍ത്തകര്‍ വീടിന് മുകളില്‍ ഓട് പൊളിച്ച് കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചു നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്.
മണ്ണുംചെളിയും ഒഴുകിവന്ന് മൂടിയ നിലയിലാണ് മൃതദേഹങ്ങള്‍. മണ്ണ് പൂര്‍ണ്ണമായും മൂടിയ നിലയില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള ഒരു മൃതദേഹം സൈന്യം പുറത്തെടുത്തു. നിലവില്‍ നാലു സംഘങ്ങളായി 150 സൈനികരാണ് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 93 മൃതദേഹങ്ങളാണ്. 98 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍. എന്നാല്‍ ബന്ധുക്കളില്‍ നിന്നുള്ള വിവരം വെച്ച് 218 പേരെ കാണാനുണ്ടെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.
ക്യാമ്ബുകളില്‍ മൂവായിരത്തിലേറെ ആള്‍ക്കാരുണ്ട്. വയനാട്ടിലെ വിവിധ ആശുപത്രികളിലായി 128 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 48 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 3069 പേരെ ക്യാമ്ബുകളിലേക്കു മാറ്റി. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍, പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍നിന്നാണു 16 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണിത്. 2019-ലെ പ്രളയകാലത്ത് നിരവധിപേര്‍ മരിച്ച പുത്തുമല ദുരന്തഭൂമിക്കു രണ്ട് കിലോമീറ്റര്‍ സമീപമാണു ചൂരല്‍മല.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെ മുണ്ടക്കൈ പുഞ്ചിരിവട്ടത്താണ് ആദ്യം ഉരുള്‍പൊട്ടിയത്. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടി. രാവിലെ രക്ഷാപ്രവര്‍ത്തനത്തിനിടയിലും ഉരുള്‍പൊട്ടലുണ്ടായി. മുണ്ടക്കൈ മുതല്‍ ചൂരല്‍മലവരെ രണ്ടര കിലോമീറ്റര്‍ പ്രദേശം മണ്ണും പാറക്കല്ലുകളും കുത്തിയൊലിച്ച് നാമാവശേഷമായി. നൂറിലേറെ വീടുകളും വെള്ളാര്‍മല ജി.വി.എച്ച്.എസ്. സ്‌കൂളും മണ്ണിലടിയിലായി. ചൂരല്‍മലയെ മുണ്ടക്കൈയുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംഭവദിവസം ഏറ്റവും തടസ്സമായി മാറിയത്.