മുനമ്പത്തെ വഖഫിൻ്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിൻ്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിൻ്റെ നിലപാട്. വഖഫ് കയ്യേറ്റം നടത്താൻ ഇതുവരെ പറഞ്ഞത് മുസ്ലിം ലീഗാണോ?
സർക്കാരാണോ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിനെ അയച്ചത്? കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് നിയമസഭയിൽ പറഞ്ഞ് മുസ്ലിം ലീഗ് തിരുത്താൻ തയ്യാറാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.
യഥാർത്ഥത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയാണ്. അതിനോട് എന്താണ് ഇടത്- വലത് മുന്നണികളുടെ നിലപാട്. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പിൻവലിക്കാൻ ഇവർ തയ്യാറുണ്ടോ? വഖഫ് അധിനിവേശം വെറും മതപരമായ പ്രശ്നമല്ല. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണ്. മുസ്ലിം ലീഗ് നടത്തുന്നത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളിൽ വന്ന ഇടതുപക്ഷത്തിൻ്റെ പരസ്യത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിപിഎമ്മും കോൺഗ്രസും ഒരു വിഭാഗത്തിൻ്റെ വോട്ടിന് വേണ്ടി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് ഫെസ്റ്റ് മുതൽ വഖഫ് വരെ അത് ജനങ്ങൾ കാണുന്നുണ്ട്. സിഎഎ കാലത്ത് രണ്ട് മുന്നണികളും നടത്തിയ പ്രീണനം പാലക്കാട്ടുകാർ മറക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.