
അടൂര്‍: ഹോട്ടലിലെ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയും പണവും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍.പള്ളിക്കല്‍ പയ്യനല്ലൂര്‍ ഇളം പള്ളില്‍ കോണത്തു പള്ളിക്കു സമീപം ശാലിനി ഭവനില്‍ നിന്നും ചൂരക്കോട് ആദിക്കാട് കല്ലുംപുറത്ത് വീട്ടില്‍ താമസിക്കുന്ന ശ്രീകുമാര്‍(33)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കല്‍ മേക്കുന്നുമുകള്‍ ഭാഗത്തെ ഗ്രാമീണ്‍ ഹോട്ടല്‍ ഉടമ അനീഷിന്റെ നാല് പവന്റെ സ്വര്‍ണമാലയും മൂവായിരം രൂപയുമാണ് ശ്രീകുമാര്‍ മോഷ്ടിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ശ്രീകുമാര്‍ ഈ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. ഈ പരിചയത്തില്‍ ഫെബ്രുവരി 23ന് ഹോട്ടലില്‍ എത്തി അനീഷിനോട് പണം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അനീഷ് പണം നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് സ്ഥലത്തു നിന്നും പോയ മോഷ്ടാവ് തിരികെയെത്തി ഹോട്ടലിലെ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാലയും പണവും മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടൂര്‍ ഡിവൈ.എസ്.പി.ജി.സന്തോഷ്,അടൂര്‍ എസ്.എച്ച്.ഒ.ശ്യാം മുരളി,എസ്.ഐ. സി. നകുലരാജന്‍, എ.എസ്.ഐ.മഞ്ചുമോള്‍, എസ്.സി.പി.ഒ.മുജീബ്, സി.പി.ഒ.ഹരികൃഷ്ണന്‍, രാജഗോപാല്‍, ഗോപന്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.