
ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ ചാടിയെന്ന് കരുതുന്ന യുവതിയ്ക്കായുള്ള തിരച്ചില്‍ തുടര്‍ച്ചയായ മൂന്നാം നാളും വിഫലം. കല്ലിശ്ശേരിയില്‍ പമ്പ നദിയില്‍ ചാടിയെന്ന് സംശയിക്കുന്ന പന്തളം മങ്ങാരം ആശാരി അയ്യത്ത് പടിഞ്ഞാറ്റിയത് എ.ബി സുധീര്‍ഖാന്റെ ഭാര്യ ഫാത്തിമയ്ക്കായി (38) കഴിഞ്ഞ മൂന്നുദിവസമായി പമ്പയാറ്റില്‍ തെരച്ചില്‍ നടത്തി വരികയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എം.സി റോഡില്‍ കല്ലിശ്ശേരി പാലത്തിന് സമീപം ഫാത്തിമ ഓടിച്ചിരുന്ന സ്‌കൂട്ടറും പമ്പയാറ്റിലെ കടവിന് സമീപം ഫോണും പണവും പേഴ്‌സും ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. യുവതി ആറ്റില്‍ ചാടിയതാകാം എന്ന് സംശയത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ പ്രത്യേക മുങ്ങല്‍ വിദഗ്ധരും നടത്തുന്ന തിരച്ചിലില്‍ ഫലമൊന്നും ഉണ്ടായിട്ടില്ല. പരിസരത്തുള്ള സി.സി.ടി.വി ക്യാമറയില്‍ യുവതി ആറ്റിലേക്ക് ഇറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. യുവതിക്കായുള്ള തിരച്ചിലിനായി ബുധനാഴ്ച നാവികസേനയുടെ സഹായവും തേടിയിട്ടുണ്ട്.