ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കിഷോരി ലാല്‍ ശര്‍മ. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കിഷോരി ലാല്‍ ആരാണെന്ന് തിരയുകയാണ് പലരും. രാഹുല്‍ ഗാന്ധിയും റോബര്‍ട്ട് വാധ്‌രയും വരെ മത്സരിക്കുമെന്ന് പറഞ്ഞുകേട്ട മണ്ഡലമാണ് അമേഠി. ഇവിടവുമായി ഏറെ ബന്ധമുള്ള വ്യക്തിയാണ് കിഷോരിലാല്‍ ശര്‍മ.
ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠി തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് താഴേത്തടിടലടക്കം വ്യക്തമായ പിന്തുണയുള്ള കിഷോരി ലാല്‍ ശര്‍മയെ കോണ്‍ഗ്രസ് ഇറക്കിയത്. റോബര്‍ട്ട് വാധ്‌ര തന്റെ സ്ഥാനാര്‍ത്ഥി മോഹം മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, നറുക്ക് വീണത് കിഷോരിലാലിനായിരുന്നു.
1983ലാണ് പഞ്ചാബ് സ്വദേശിയായ കിഷോര്‍ ലാല്‍ അമേഠിയിലെത്തുന്നത്. അന്ന് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ല്‍ രാജീവിന്റെ മരണശേഷവും അമേഠിയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചതും ഇദ്ദേഹം തന്നെയാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറിനിന്നപ്പോഴും കിഷോരിലാല്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി അമേഠിയില്‍ രംഗത്തിറങ്ങിയിരുന്നു.
1999ല്‍ സോണിയ ഗാന്ധിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിലും പ്രധാന പങ്ക് വഹിച്ചത് കിഷോരി ലാലാണ്. പിന്നീട് രാഹുല്‍ അമേഠിയിലും സോണിയ റായ്ബറേലിയിലും എംപിമാര്‍ ആയിരുന്നപ്പോള്‍ മണ്ഡലത്തിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇദ്ദേഹമാണ്. ബീഹാറിലും പഞ്ചാബിലും കോണ്‍ഗ്രസിനുവേണ്ടി കിഷോരിലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ മാസം 20നാണ് അമേഥിയിലും റായ്ബറേലിയിലും വോട്ടെടുപ്പ് നടക്കുന്നത്.