ഭാര്യമാരെ കൈമാറ്റം ചെയ്യാനുള്ള ശ്രമം പാളി: യുവതി കൊടുത്ത പരാതിയില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ അക്കൗണ്ടന്റ് തൂങ്ങി മരിച്ചു: ഭര്‍ത്താവ് പ്രേരണക്കുറ്റത്തിന് അറസ്റ്റില്‍

0 second read
Comments Off on ഭാര്യമാരെ കൈമാറ്റം ചെയ്യാനുള്ള ശ്രമം പാളി: യുവതി കൊടുത്ത പരാതിയില്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ അക്കൗണ്ടന്റ് തൂങ്ങി മരിച്ചു: ഭര്‍ത്താവ് പ്രേരണക്കുറ്റത്തിന് അറസ്റ്റില്‍
1

പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയുടെ വേരുകള്‍ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ആത്മഹത്യയുടെ കഥ. സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ ഭര്‍ത്താവ് സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്പതികള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു. ഭാര്യയോട് തൂങ്ങി മരിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവ് അവസാനം ആത്മഹത്യയില്‍ നിന്ന് പിന്മാറി. ഒടുവില്‍ ഭാര്യ ആത്മഹത്യ ചെയ്തതിന് പ്രേരണാക്കുറ്റത്തിന് അറസ്റ്റിലുമായി.

വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ( 35 )യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുനില്‍ കുമാ(40)റിനെയാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്ത്.
മകള്‍ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചതായി  പിതാവ്  എരുമേലി തെക്ക് എലിവാലിക്കര    തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി (61) പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.  കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍  കാരണമുണ്ടായ അപമാനഭാരത്താല്‍  സൗമ്യയും സുനിലും ജീവനൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍  ഫാനില്‍ കയര്‍ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യം ഒരുക്കിക്കൊടുത്തശേഷംസുനില്‍ പിന്‍വാങ്ങുകയുമായിരുന്നെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വെളിവായതിനെതുടര്‍ന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണസംഘവും സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അവിഹിതകഥ പുറത്തു വന്നത്.

സൗമ്യ, ഭര്‍ത്താവ് സുനില്‍ കുമാര്‍, മകന്‍ സായി എന്നിവര്‍ ഒരുമിച്ച് താമസിച്ചു വരികയാണ്. സൗമ്യ മുക്കുട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍  എട്ടു മാസമായി അക്കൗണ്ടന്റായി ജോലി നോക്കി വരികയാണ്. സുനില്‍ സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറായി  പോകും. ഇടവേളകളില്‍ പിതാവിന്റെ മുക്കുട്ടുതറയിലെ ഹോട്ടലില്‍ സഹായിയായി ജോലി ചെയ്യും. കഴിഞ്ഞ ദിവസം എരുമേലി പോലീസ് സ്‌റ്റേഷനില്‍ നിന്നും സുനില്‍കുമാറിനെ  വിളിച്ച് സുഹൃത്തായ  മുക്കുട്ടുതറ സ്വദേശിയുടെ ഭാര്യ നല്‍കിയ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ രാവിലെ 10 മണിക്ക് സ്‌റ്റേഷനില്‍ ഹാജരാകാന്‍  നിര്‍ദേശിച്ചിരുന്നു. ഈ പരാതിയെപ്പറ്റി എരുമേലി പോലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ആത്മഹത്യയ്്ക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെച്ചൂച്ചിറ പോലീസിന് വ്യക്തമായത്.
സുനിലും മുക്കൂട്ടുതറ സ്വദേശിയും അടുത്ത സുഹൃത്തുക്കളാണ്. ഇതിനിടെ ഈ സുഹൃത്തും സൗമ്യയുമായും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു. മാത്രമല്ല ഇയാളും സുഹൃത്തും നിരന്തരം സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും സുനില്‍ മുഖേനെ സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായായാണ് സൗമ്യ മുക്കൂട്ടുതറ സ്വദേശിക്ക് വഴങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇക്കാര്യം  ചൂണ്ടിക്കാട്ടി  സുഹൃത്തിന്റെ
ഭാര്യയുമായി സുനില്‍ ലൈംഗികബന്ധത്തിന് ആവശ്യമുന്നയിച്ചു. യുവതി വഴങ്ങാന്‍ കൂട്ടാക്കിയില്ല.  ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവതി എരുമേലിയിലെ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട്, സുഹൃത്ത് ഭാര്യയുമായുള്ള  കിടപ്പറരംഗങ്ങള്‍ സുനിലിന് കൈമാറി. ഇവ പ്രചരിപ്പിക്കാതിരിക്കാന്‍  സുനില്‍കുമാറുമായി സഹകരിക്കണമെന്നും മറ്റും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി യുവതി എരുമേലി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ പോയാല്‍ രഹസ്യബന്ധങ്ങളും മറ്റും വെളിപ്പെടുമെന്നും, നാണക്കേട് ആകുമെന്നും അതിനാല്‍ ഒരുമിച്ച് മരിക്കാമെന്നും  സുനിലും  ഭാര്യ സൗമ്യയും കൂടി  തീരുമാനിച്ചു. രാത്രി 10. 45 ഓടെ സൗമ്യയുടെ വീട്ടിലായിരുന്ന മകന്‍ സായിയെ ഫോണില്‍ വിളിച്ച് സൗമ്യ സംസാരിച്ചതായും, അതിനു ശേഷം കെട്ടിത്തൂങ്ങി മരിക്കുന്നതിന് ഇരുവരും കൂടി തീരുമാനിച്ച് സുനില്‍കുമാര്‍ ഫാനില്‍ കയര്‍ കെട്ടി കൊടുത്തതായും അന്വേഷണത്തില്‍ വ്യക്തമായി.  വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറില്‍നിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തില്‍ ഇടാന്‍ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനില്‍ക്കാന്‍ പാകത്തിന് കട്ടില്‍ ചരിച്ചിട്ടുകൊടുക്കുകയും ചെയ്തു. സുനില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും രാത്രി മുറിയില്‍ കയറി സൗമ്യ തൂങ്ങിയ ശേഷം മാത്രമേ സുനില്‍  തൂങ്ങാവൂ എന്നു പരസ്പരം ധാരണയില്‍ എത്തിയിരുന്നെന്നും വെളിപ്പെട്ടിരുന്നു. സുനില്‍ തൂങ്ങി മരിക്കാനായി ഒരു കഷണം കയര്‍ മുറിച്ച് മുറിയില്‍ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു. സുനില്‍ കുമാറിനെ  പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍  ആര്‍. റോജ്, എസ് ഐ രതീഷ് കുമാര്‍, എസ് സി പി ഓ പി കെ ലാല്‍,  സി പി ഓ അനു കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…