
കോന്നി: കലഞ്ഞൂര്‍ പാടം പൂമരുതിക്കുഴിയില്‍ വന്യമൃഗശല്യം രൂക്ഷം. കാട്ടാനയുടെ ആക്രമണത്തിന് പുറമേ പുലിയും നാട്ടിലേക്കിറങ്ങി. പാടം പിച്ചാണ്ടിക്കുളം ഫോറസ്‌റ് ഔട്ട് പോസ്റ്റ് മുതല്‍ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡില്‍ കഴിഞ്ഞ ദിവസം ആനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. കൂടുതല്‍ വനപാലകര്‍ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്. പൂമരുതിക്കുഴിയില്‍ പുലി വളര്‍ത്തുനായയെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
പ്രദേശത്ത് കൂട് അടിയന്തിരമായി സ്ഥാപിക്കാന്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ എ. ഷിബു, കോന്നി ഡി.എഫ്.ഓ ആയുഷ് കുമാര്‍ കോറി എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു. കഴിഞ്ഞ നാലു ദിവസമായി മേഖലയില്‍ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം.എല്‍.എ കലക്ടറേയും ഡി.എഫ്.ഓയെയും വനം, റവന്യു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്. ജനങ്ങള്‍ പരാതികളും ആശങ്കകളും എം.എല്‍.എ യുമായി പങ്കു വച്ചു. പൂമരുതിക്കുഴി തട്ടാക്കുടി മേഖലയില്‍ നാലു കിലോമീറ്റര്‍ അടിയന്തിരമായി സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
പാടം ഫോറസ്റ്റ് മേഖലയില്‍ 14 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭ്യമായെന്നും എം.എല്‍.എ പറഞ്ഞു.
കോന്നി ഡിവിഷനില്‍ രണ്ടു കോടി രൂപയുടെ സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്കും അനുമതി ലഭ്യമായെന്നു എം.എല്‍.എ അറിയിച്ചു. പൂമരുതിക്കുഴി കേന്ദ്രികരിച്ചു വന സംരക്ഷണ സമിതി രൂപീകരിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. പിച്ചാണ്ടിക്കുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍ രാത്രിയിലും വനപാലകരുടെ സേവനം ലഭ്യമാക്കുവാന്‍ ഡി.എഫ്.ഓ ശ്രമിക്കണം. വ്യക്തികളുടെ ഭൂമിയില്‍ കാട് കയറി കിടക്കുന്നത് അടിയന്തിരമായി നോട്ടീസ് നല്‍കി കാടു തെളിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വാര്‍ഡ് മെമ്പര്‍, ഡെപ്യുട്ടി ഫോറസ്റ്റ് ഓഫിസര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഭാരവഹികളായുള്ള ജനകിയ സമിതി രൂപീകരിക്കണം. വന്യമൃഗങ്ങള്‍ക്ക്
കാട്ടിനുള്ളില്‍ വെള്ളം കിട്ടുന്നതിന് വനത്തിനുള്ളിലെ കുളങ്ങള്‍ വൃത്തിയാക്കണം. എം.എല്‍.എ ഫണ്ടില്‍ നിന്നും പിച്ചാണ്ടിക്കുളം മുതല്‍ പൂമരുതിക്കുഴി വരെ വന മേഖലയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനിയറോട് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പൂമരുതിക്കുഴിയിലേക്കുള്ള റോഡിന്റെ വശങ്ങള്‍ വീതി കൂട്ടുന്നതിന് ആവശ്യമായ അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഡി.എഫ്.ഓയ്ക്ക് നിര്‍ദേശം നല്‍കി. കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, വൈസ് പ്രസിഡന്റ് മിനി എബ്രഹാം, കോന്നി തഹസില്‍ദാര്‍ മഞ്ജുഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാര്‍, സുജ അനില്‍, ഫോറസ്റ്റ്, റവന്യു, പഞ്ചായത്ത്, കെ. എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.