
പത്തനംതിട്ട: സ്കൂള്‍ ശതാബ്ദി ആഘോഷ സമാപനത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര നടക്കുമ്പോള്‍ പെരും തേനീച്ചക്കൂട്ടം ഇളകി ഇരമ്പിയാര്‍ത്തു വന്നു. തേനീച്ച ആക്രമണത്തില്‍ കുട്ടികള്‍ അടക്കം അറുപതോളം പേര്‍ക്ക് പരുക്ക്. വ്യാഴാഴ്ച രാവിലെ 11 ന് വടശേരിക്കര ബംഗ്ലാകടവ് പാലത്തില്‍ ഘോഷയാത്ര എത്തിയപ്പോഴായിരുന്നു തേനീച്ച ആക്രമണം ഉണ്ടായത്.
വടശേരിക്കര ഗവണ്മെന്റ് ന്യൂ യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഘോഷയാത്രയിലാണ് തേനീച്ചക്കൂട്ടം ഇളകി ജനങ്ങളെ ആക്രമിച്ചത്. ഘോഷയാത്ര ബംഗ്ലാകടവില്‍ നിന്നും വടശേരിക്കര മനോരമ ജങ്ഷനില്‍ എത്തി തിരികെ പാലത്തിന്റെ മധ്യഭാഗത്ത് വന്നപ്പോഴാണ് തേനീച്ച ഇളകി വന്ന് ആക്രമിച്ചത്. പാലത്തിന്റെ അടിയില്‍ വലിയ തേനീച്ചക്കൂടുകള്‍ ഉണ്ട്. ഇത് അപകട കരമാണെന്നും നീക്കാനുളള നടപടി വേണമെന്നും പലപ്പോഴും വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിനുള്ള നടപടി ഉണ്ടായിട്ടില്ല.
പെരുംതേനീച്ച ആക്രമണത്തില്‍ ഏഴു കുട്ടികള്‍ക്കും അന്‍പതിലധികം രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് പരുക്കേറ്റത്. സ്കൂള്‍ പിടിഎയുടെ നിര്‍ദ്ദേശപ്രകാരം കൊച്ചു കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിച്ചിരുന്നില്ല. കുറച്ച് കുട്ടികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം ഉണ്ടായിരുന്നു. പരുക്കേറ്റ 35 ഓളം പേര് റാന്നി താലൂക്കാശുപത്രിയിലും ബാക്കി ഉള്ളവര്‍ വടശേരിക്കര ബൗണ്ടറി ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
സാംസ്കാരിക ഘോഷയാത്രയ്ക്ക് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തേനീച്ച കുത്തേറ്റ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചികിത്സ ഉറപ്പ് വരുത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സംഭവം ഉണ്ടായ ഉടന്‍ തന്നെ റഅഡ്വ. പ്രമോദ് നാരായണന് എം.എല്‍.എയും മുന്‍ എം.എല്‍.എ രാജു ഏബ്രഹാമും ആശുപത്രിയിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. ആശുപത്രി അധികൃതരും മികച്ച ചികിത്സ ലഭ്യമാക്കി. മൂന്ന് കുട്ടികളടക്കം 38 പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചികിത്സ ലഭിച്ച ശേഷം വേദന കുറഞ്ഞതായി ആളുകള്‍ പറഞ്ഞുവെന്നും ആരുടെയും നില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.