നാരങ്ങാനം: കാട്ടുപന്നിക്കൂട്ടം അവശേഷിക്കുന്ന കൃഷിയും നശിപ്പിച്ച് മുന്നോട്ട്. എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍. ഒന്നും ചെയ്യാന്‍ കഴിയാതെ അധികാരികള്‍.
കാര്യം കൈവിട്ടു പോകുകയാണ്. കൃഷിയുടെ അവസാന വിത്തും ചവിട്ടിയരച്ച് പന്നികള്‍ പായുമ്പോള്‍ കൃഷി ഉപജീവനമാക്കിയ കര്‍ഷകരുടെ വീടുകളില്‍ കണ്ണീര് വീഴുന്നു. നിയമത്തിന്റെ കാര്‍ക്കശ്യം കുറച്ച് കര്‍ഷകരുടെ ഭാഗത്ത് നില്‍ക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നുമില്ല. പന്നിയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചിട്ട് പോലും പ്രതിരോധിക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ല. വ്യാപാരികളും കര്‍ഷകരും ചേര്‍ന്ന് സമരം സംഘടിപ്പിച്ചു. തുടര്‍ സമരങ്ങള്‍ക്ക് ആലോചനയും നടക്കുന്നു.
അധികാരികളുടെ കണ്ടില്ലെന്നുള്ള ഭാവം പ്രശ്‌നം അതിരൂക്ഷമാക്കുകയാണ്.
ഇരുട്ടായാല്‍ ഇടവഴികള്‍ എല്ലാം പന്നിക്കൂട്ടങ്ങളാണ്. കാട്ടുപന്നിയുടെ ശല്യം വര്‍ദ്ധിച്ചതോടെ സ്ഥിരം ഷൂട്ടര്‍മാരെ മുഴുവന്‍ സമയവും സേവനം ലഭിക്കുന്ന തരത്തില്‍ നിയമിക്കണമെന്നാണ് വ്യാപാരികളും കര്‍ഷകരും പ്രധാനമായും ആവശ്യപ്പെടുന്നത്.
കപ്പ, കാച്ചില്‍, ചേമ്പ്, ചേന എന്നീ കിഴങ്ങുവര്‍ഗങ്ങളാണ് കൂടുതലായി നശിപ്പിച്ചു കൊണ്ടിരുന്നത്. കര്‍ഷകര്‍ കൃഷി പൂര്‍ണമായും നിര്‍ത്തി. ഇതോടെ പന്നികള്‍ കൂട്ടത്തോടെ പാടത്തേക്ക് ഇറങ്ങി തുടങ്ങി. കഴിഞ്ഞ രാത്രി പുന്നോണ്‍ പാടശേഖരത്തിലിറങ്ങിയ പന്നികള്‍ നെല്‍കൃഷിയും വരമ്പുകളും കുത്തിയിളക്കി നശിപ്പിച്ചു. ആലുങ്കല്‍ മണ്ണാറത്തറ രാജപ്പന്‍ നായരുടെ 150 മൂട് കപ്പ കഴിഞ്ഞ രാത്രി പന്നി നശിപ്പിച്ചു. 70 വര്‍ഷമായി 30 കര്‍ഷകര്‍ ചേര്‍ന്ന് ഗ്രൂപ്പ് ഫാമിങ് നടത്തുന്ന പുന്നോണ്‍ പാടശേഖരത്തിലെ 70 ഏക്കറോളം വരുന്ന കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സെക്രട്ടറി രാജുവര്‍ഗീസ് അറിയിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷിയല്ലാതെ മറ്റ് ഉപജീവനമാര്‍ഗമില്ല. വിളവെടുക്കാറായ കപ്പയാണ് കഴിഞ്ഞ രാത്രി നശിപ്പിച്ചതെന്ന് കര്‍ഷകനായ അനിയന്‍ കണ്ണാറയില്‍ പറഞ്ഞു. സര്‍വ കക്ഷി യോഗം ചേര്‍ന്ന് സാധ്യമായ നടപടികള്‍ ആലോചിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സ്വന്തം പുരയിടങ്ങളിലെ കാട് അടിയന്തിരമായി നീക്കം ചെയ്യാന്‍ ഉടമകള്‍ തയ്യാറാകണം. പന്നികളെ പിടിക്കുന്നതിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് നാരങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി പറഞ്ഞു.