പത്തനംതിട്ട: പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ പിന്നാലെ എത്തിയ നാട്ടുകാര്‍ പൂട്ടിയിട്ടു. പിന്നീട് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവച്ചു കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. സീതത്തോട് സെന്റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിലാണ് കാട്ടുപന്നി ഓടിക്കയറിയത്.
രാത്രി ഒന്‍പത് മണിയോടെയാണ് സീതത്തോട് മാര്‍ക്കറ്റ് ജങ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്ക് കാട്ടപന്നി ഓടിക്കയറിയത്. ഇത് കണ്ട് പിന്തുടര്ന്ന് എത്തിയ നാട്ടുകാരില്‍ ചിലര്‍ പന്നിയെ ഓഡിറ്റോറിയത്തിനുള്ളില്‍ പൂട്ടിയിട്ടു. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ നാട്ടുകാരെത്തി. ഓഡിറ്റോറിയത്തിനുള്ളില്‍ വച്ച് തന്നെ പന്നിയെ കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചു.
പത്ത് മണിയോടെ ഗൂഡ്രിക്കല്‍ റേയിഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തി. ഇതിനിടെ ജനവാസ മേഖലയിലിറങ്ങി അക്രമം കാണിച്ച പന്നിയെ വെടി വച്ച് കൊല്ലാന്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര് പ്രമോദ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ പാനല്‍ ലിസ്റ്റില്‍ ഉള്ള ഷൂട്ടര്‍ അഭി ടി. മാത്യുവിനെ വടശേരിക്കരയില്‍ നിന്ന് വിളിച്ചു വരുത്തി. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ അഭി പന്നിയെ വെടി വച്ചു
വനം വകുപ്പിന്റെ നടപടി ക്രമങ്ങള്‍ക്ക് ശേഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പന്നിയുടെ ജഡം കുഴിച്ചിട്ടു. സാധരണ ഗതിയില്‍ സീതത്തോട്ടില്‍ കാട്ടുപന്നി ശല്യമുണ്ടാവാറുണ്ടെങ്കിലും മാര്‍ക്കറ്റ് ജങ്ഷന് ഭാഗത്ത് എത്തുന്നത് അപൂര്‍വമാണ്.