
പത്തനംതിട്ട: മുതിര്‍ന്ന പത്ര പ്രവര്‍ത്തകരുടെ നിലവിലെ പെന്‍ഷന്‍ തുകയില്‍ ആനുപാതികമായ വര്‍ധനവ് വരുത്തുവാന്‍ വേണ്ടി ഇടപെടുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ഫ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ‘പ്രത്യാശയുടെ പുതുവര്‍ഷം’ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ മുന്‍പ് സര്‍ക്കാര്‍ ബജറ്റിലൂടെ വാഗ്ദാനം ചെയ്ത ആയിരം രൂപയുടെ വര്‍ധനവില്‍ പകുതി മാത്രമേ ഇതിനോടകം നല്‍കിയിട്ടുള്ളു. സമൂഹ പുരോഗതിക്കായി വലിയ കാലയളവ് പ്രവൃത്തി എടുത്തു വിരമിച്ച പത്ര പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാന ബജറ്റിന്റെ ചര്‍ച്ചയില്‍ ആദ്യം തന്നെ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളാ ജില്ലാ പ്രസിഡന്റ് ക്രിസ് തോമസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍ എ ജോസഫ് എം പുതുശേരി, ഹൌസ് ഫെഡ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി മത്തായി, സംസ്ഥാന കമ്മിറ്റി അംഗം പി അജയകുമാര്‍, പത്തനംതിട്ട ഡി റ്റി പി സി അംഗം എസ് മുരളി കൃഷ്ണന്‍, ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി ബാബു കൃഷ്ണകല, ട്രഷറര്‍ ഷിജു സ്‌കറിയ, വൈസ് പ്രസിഡന്റ് പ്രസാദ് മൂക്കന്നൂര്‍, പത്തനംതിട്ട പ്രസ് ക്ലബ്ബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെയും അധികാരികളുടെയും മുന്‍പില്‍ എത്തിച്ച് പരിഹാരം കാണാന്‍ യത്‌നിച്ച പത്ര പ്രവര്‍ത്തകരുടെ വിഷയങ്ങളോട് കൂടുതല്‍ ക്രിയാത്മകമായ സമീപനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മുന്‍ ധന കാര്യ മന്ത്രി തോമസ് ഐസക്ക് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ തുക പൂര്‍ണ്ണമായി നല്‍കുക, ആശ്രിത പെന്‍ഷന്‍ അമ്പത് ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.