
നിലയ്ക്കല്‍: പാര്‍ക്കിങ് എക്‌സിറ്റിലെ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായ വിങ്ങര്‍ വാന്‍ നിയന്ത്രണം വിട്ട് മുന്നില്‍ പോയ മാരുതി സ്വിഫ്ട് കാറില്‍ ഇടിച്ച് അപകടം. മുന്നില്‍ ക്രാഷ് ബാരിയറിനും വാനിനും ഇടയില്‍ കുരുങ്ങിയ തീര്‍ഥാടകര്‍ അടക്കം 18 പേര്‍ക്ക് പരുക്ക്. സാരമായി പരുക്കേറ്റ 10 പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ പത്തേകാലോടെയാണ് അപകടം. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് വാനിന്റെ നിയന്ത്രണം നഷ്ടമായത്. വാന്‍ തൊട്ടുമുന്നിലണ്ടായിരുന്ന മാരുതി സ്വിഫ്ട് കാറിന്റെ പിന്നില്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടമായ ഇരു വാഹനങ്ങളും ക്രാഷ് ബാരിയറില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. ഇരുവാഹനങ്ങളും കോര്‍ത്തു കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ മുക്കാല്‍ മണിക്കൂറോളം പണിപ്പെട്ട് കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. പതിനെട്ടോളം പേര്‍ക്കാണ് പരുക്കേറ്റത്.
സാരമായ പരുക്കുള്ള 10 പേരെ കോട്ടയം മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ആലത്തൂര്‍, തിരുവനന്തപുരം വിളപ്പില്‍ശാല എന്നിവിടങ്ങളില്‍ നിന്നുളള ഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്. കാറില്‍ ആറും വാനില്‍ പതിമൂന്നു പേരും സഞ്ചരിച്ചിരുന്നു. മൂന്നു പേര്‍ കുട്ടികളാണ്. വിളപ്പില്‍ശാല സ്വദേശികളായ സെന്‍ (18), അനിരുദ്ധ് (8), വിപിന്‍ (30), അനിക്കുട്ടന്‍ (18), ആലത്തുര്‍ സ്വദേശികളായ രാജന്‍ (52),അഭിന്‍ദാസ് (22), ദാസ് (58),പ്രവീണ്‍ (33), ആശ (7), കുട്ടന്‍ (68)എന്നിവര്‍ക്കാണ് സാരമായി പരുക്കുള്ളത്. രണ്ട് പേര് വാഹനത്തില്‍ കുടുങ്ങിപ്പോയിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ എം.കെ.ബൈജു, എസ്. രാജേഷ് കുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ. ശരത്, ഫയര്‍ ഓഫീസര്‍മാരായ സിറിള്‍ ജേക്കബ്, വി.എസ്. പത്മകുമാര്‍, വി. വിപിന്‍, പി. ബിജു, ജി.കെ. രാജഗോപാല്‍, ബി. അര്‍ജുന്‍ ചന്ദ്ര, കെ. ജി. സെബാസ്റ്റിയന്‍, എ. അനില്‍കുമാര്‍, എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.