പത്തനംതിട്ട: കോവിഡ് സെന്ററിലേക്ക് കൊണ്ടു പോകു വഴി ആറന്മുളയില്‍ ആംബുലന്‍സില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ അതീജിവത വിചാരണയ്ക്കിടെ സാക്ഷിക്കൂട്ടില്‍ മോഹാലസ്യപ്പെട്ടു വീണു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സംഭവം. അതിജീവിത തന്നെ
റെക്കോഡ് ചെയ്ത പ്രതി നൗഫലിന്റെ സംഭാഷണം കോടതി കേള്‍ക്കുന്നതിനിടെയാണ് സംഭവം. പീഡിപ്പിച്ച ശേഷം പ്രതി ആംബുലന്‍സ് ഓടിക്കുമ്പോള്‍ മാപ്പപേക്ഷിക്കുന്നത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇത് പ്രധാന തെളിവായി പോലീസ് ഹാജരാക്കി. പെന്‍ഡ്രൈവിലാക്കിയ സംഭാഷണം വിചാരണയ്ക്കിടെ കോടതിയില്‍ പ്ലേ ചെയ്തത് കേട്ടാണ് അതിജീവിത തളര്‍ന്നുവീണത്. ഉടനെ, അഭിഭാഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പുറത്തെത്തിച്ചു. പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞ് ഒന്നര മണിക്കൂറിനു ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രതി നൗഫലും കോടതിയിലുണ്ടായിരുന്നു. പ്രതിയുടെ ശബ്ദരേഖ കേട്ടപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായെങ്കിലും വളരെ വേഗം ആരോഗ്യം വീണ്ടെടുത്ത് വിചാരണ പൂര്‍ത്തിയാക്കിയെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ഹരികൃഷണന്‍ പറഞ്ഞു.
അതിജീവിതയുടെ മൊഴിയും ക്രോസ് വിസ്താരവും കോടതി രേഖപ്പെടുത്തി. അതിജീവിത ഉള്‍പ്പെടെ 94 സാക്ഷികളാണ് കേസിലുള്ളത്. 27 വരെ വിചാരണ തുടരും. 2020 സെപ്റ്റംബര്‍ അഞ്ചിന് കോവിഡ് ബാധിതയായിരുന്ന പെണ്‍കുട്ടിയെ രാത്രി ആശുപത്രിയിലേക്ക് പോകും വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്.