പത്തനംതിട്ട: ഓര്‍മ്മക്കുറവ് രോഗം ബാധിച്ച അമ്മയെ സംരക്ഷിക്കാന്‍ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജറെ ബ്രാഞ്ച് മാനേജറും പ്യൂണും ചേര്‍ന്ന് മര്‍ദ്ദിച്ച സാഹചര്യത്തില്‍ വനിതാ അസിസ്റ്റന്റ് മാനേജര്‍ക്ക് അടിയന്തരമായി മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഏഴുമറ്റൂര്‍ ശാഖാ മാനേജര്‍ക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ വനിതാ അസിസ്റ്റന്റ് മാനേജര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരിയുടെ ഇടക്കാല ഉത്തരവ്.
ഉദ്യോഗസ്ഥയ്ക്ക് അവധി അനുവദിക്കണമെന്നും ക്രെഡിറ്റില്‍ അവധിയുള്ള സാഹചര്യത്തില്‍ കുടിശിക ശമ്പളം ഉടന്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്.
ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം (തടയലും നിരോധനവും പരിഹാരവും) നിയമം 2013 ന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ് ശാഖാ മാനേജറും വനിതാ പ്യൂണും ചേര്‍ന്ന് നടത്തിയതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
തനിക്ക് നേരെയുണ്ടായ ആക്രമണം ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പരാതിക്കാരിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി പാസാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പരാതിക്കാരിക്ക് കമ്മീഷനെ സമീപിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.
അമ്മയെ സംരക്ഷിക്കാന്‍ ഹോംനേഴ്‌സിനെ കിട്ടാതെ വന്നപ്പോഴാണ് പരാതിക്കാരി അവധിക്ക് അപേക്ഷ നല്‍കിയത്. പരാതിക്കാരിക്ക് 8 മാസം നിയമാനുസരണം അവധി അനുവദിക്കാമായിരുന്നിട്ടും ശാഖാമാനേജര്‍ നിരസിച്ചു. ഇതിന് ശേഷം ബ്രാഞ്ച് മാനേജര്‍ പരാതിക്കാരിയെ പരസ്യമായി അപമാനിക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് പരാതിക്കാരി ബാങ്കിന്റെ മുംബൈ ഹെഡ്ഓഫീസിലേക്ക് ബ്രാഞ്ച് മാനേജര്‍ക്കെതിരെ പരാതി അയച്ചു. ഇതില്‍ പ്രകോപിതനായ പുരുഷ മാനേജരും വനിതാ പ്യൂണും ചേര്‍ന്ന് 2023 ആഗസ്റ്റ് 5 ന് പരാതിക്കാരിയെ ശുചിമുറിക്ക് സമീപം തടഞ്ഞു നിര്‍ത്തി 25 മിനിറ്റോളം മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു. ഇതിനെതിരെ പെരുമ്പട്ടി പോലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. എന്നാല്‍ പരാതിക്കാരിക്കെതിരെ ബാങ്ക് വ്യാജ പരാതി നല്‍കിയതായി പരാതിയിലുണ്ട്. തുടര്‍ന്ന് പരാതിക്കാരി ബാങ്കില്‍ പോകാതായി.
2023 സെപ്റ്റംബര്‍ 30 ന് റീജിയണല്‍ മാനേജര്‍ പരാതിക്കാരിയില്‍ നിന്നും മെന്റല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. 2023 നവംബര്‍ മുതല്‍ പരാതിക്കാരിക്ക് ശമ്പളം നല്‍കാതായി.
സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. അസിസ്റ്റന്റ് മാനേജരെ മര്‍ദ്ദിച്ച പ്യൂണ്‍ അനുസരണക്കേട് കാണിച്ചിട്ടും അവര്‍ക്കെതിരെ ബാങ്ക് നടപടിയെടുക്കാത്തത് തെറ്റാണെന്നും കമ്മീഷന്‍ വിലയിരുത്തി. തുടര്‍ന്ന് കമ്മീഷന്‍ സിറ്റിംഗില്‍ ഹാജരായ പരാതിക്കാരി തനിക്ക് തത്കാലം മറ്റേതെങ്കിലും ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം നല്‍കണമെന്ന് ആവശ്യപ്പെട്ടു.