
തിരുവല്ല: യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ച്ചയില്‍ വീട്ടില്‍ മാര്‍ട്ടിന്‍(51) ആണ് പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയെ(29) വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിച്ചത്.
കഴിഞ്ഞ മാസം ഏഴിന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. തടഞ്ഞപ്പോള്‍ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്.ഐമാരായ ഇ.എസ്. സതീഷ് കുമാര്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിപിഓമാരായ സുദീപ്, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. 2023 ല്‍ മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തറെ (60 ) മര്‍ദ്ദിച്ച് കൊന്ന കേസില്‍ പ്രതിയാണ്. ഇയാളുടെ ചായക്കട ഒഴിവാക്കി തൊട്ടുത്ത മറ്റൊരു കടയില്‍ നിന്നും ചായ കുടിക്കുന്നതിലുള്ള വിരോധത്താല്‍ 2023 ഡിസംബര്‍ 21 ന് രാത്രി 8.45 ന് മജീദിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ മുന്‍വശമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിനോട് ചേര്‍ന്നു പ്രതി നടത്തുന്ന കടയുടെ സമീപത്തെ മറ്റൊരു കടയില്‍ നിന്നും ചായ കുടിച്ചിരുന്നപ്പോഴായിരുന്നു ആക്രമണം.
പോക്കറ്റില്‍ കൈയിട്ട് പണവും മറ്റും എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതില്‍ പ്രകോപിതനായ ഇയാള്‍ മജീദിനെ തലയ്ക്കും നെഞ്ചത്തും പല തവണ ഇടിക്കുകയും നിലത്തു വീണപ്പോള്‍ പലപ്രാവശ്യം ചവിട്ടുകയും തൊഴിക്കുകയും തലയ്ക്കും നെഞ്ചിനും ഇടിക്കുകയും ചെയ്തു. തലയ്ക്കുള്ളില്‍ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായ മജീദ് ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ മരണത്തിനു കീഴടങ്ങി. പുളിക്കീഴ് സ്‌റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍പ്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.