
കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാമത് ബാച്ചില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറി. തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍ പാസായവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക സിഇഒ അജിത് കോളശേരി കൈമാറി. ഇവര്‍ മൂന്നുമാസത്തിനുള്ളില്‍ ജര്‍മ്മനിയില്‍ എത്തും. അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്യുന്നതിനൊപ്പം ബി 2 ഭാഷാ പരിശീലനം ജര്‍മ്മനിയില്‍ പൂര്‍ത്തിയാക്കണം. അംഗീകൃത പരീക്ഷകള്‍ പാസായതിനു ശേഷം ജര്‍മ്മനിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി സേവനമനുഷ്ഠിക്കാന്‍ സാധിക്കും.
ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനവും പിന്തുണയുമാണ് നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നതെന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. ആദ്യഘട്ടം പൂര്‍ത്തിയാക്കിയവര്‍ ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാ ഉപയോഗ ശേഷി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കണം. ജര്‍മ്മന്‍ സംസ്‌കാരത്തെ ബഹുമാനിക്കുകയും ആ രാജ്യത്തെ രീതികളോട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാവുകയും ചെയ്യണം. ഇതുവരെ 600 പേരെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയില്‍ എത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിനായി. വരുന്ന വര്‍ഷത്തോടെ ഇത് ആയിരമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് നല്‍കിയ പിന്തുണ സംബന്ധിച്ചും ട്രിപ്പിള്‍ വിന്‍ പദ്ധതി സംബന്ധിച്ചുമുള്ള അനുഭവങ്ങളും അഭിപ്രായങ്ങളും വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ പങ്കുവച്ചു. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ ബി. പ്രവീണ്‍ എന്നിവരും പങ്കെടുത്തു. നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.