തിരുവല്ല: ലോക ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണം വിവിധ പരിപാടികളോടെ ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ നടത്തി. ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കുവാനായാണ് എല്ലാവര്‍ഷവും ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നവംബര്‍ 18 മുതല്‍ 24 വരെയുള്ള തീയതികളില്‍ അവബോധവാരം ആചരിക്കുന്നത്.
ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തിന്റെയും ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗത്തിന്റെയും സാംക്രമികരോഗ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാരാചരണം നടന്നത്. ആന്റിബയോട്ടിക് പ്രതിരോധത്തെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ മെറീന തോമസും സാംക്രമികരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ ഇംതിയാസ് ഷെരീഫും അവബോധ ക്ലാസ്സുകള്‍ നടത്തി. ആന്റിബോയോട്ടിക്കുകള്‍ നിരുത്തരവാദപരമായി ഉപയോഗിക്കുന്നതിന്റെ ഫലമായി ഭാവിയില്‍ അവയോട് ശരീരം പ്രതിരോധം തീര്‍ക്കുവാനും അതുവഴി ചികിത്സ ഫലപ്രദമാകാതെ രോഗം മൂര്‍ച്ഛിക്കുവാനും മരണം സംഭവിക്കുവാനുമുള്ള സാധ്യതയുണ്ടെന്നും കാണിച്ചുകൊണ്ട് തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനു സമീപം തെരുവ് നാടകം നടത്തി.
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടന്ന തെരുവ് നാടകത്തില്‍ നസ്രേത്ത് കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്ന ക്വിസ്, റീല്‍ മത്സരങ്ങള്‍, ലക്കി ഡ്രോ എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു. വാരാചരണത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ആശുപത്രി ഫാര്‍മസിയിലൂടെ രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറുകളില്‍ നല്‍കുവാനുള്ള തീരുമാനം നടപ്പിലാക്കി.
വാരാചരണത്തിന്റെ സമാപനച്ചടങ്ങില്‍ അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ ജോണ്‍ വല്യത്ത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ ജോംസി ജോര്‍ജ്, മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ ഡോ രേണു മാത്യു, ജനറല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ പ്രൊഫസര്‍ ഡോ ജെന്‍സി മരിയ കോശി , മൈക്രോബയോളജി വിഭാഗം പ്രൊഫസര്‍ ഡോ റീന ആനി ജോസ്, ഫാര്‍മസി വിഭാഗം മേധാവി ബിജു തോമസ് എന്നിവര്‍ പങ്കെടുത്തു. വിവിധ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.