
തിരുവല്ല: ലോക ഓട്ടിസം അവബോധ ദിനത്തിന് മുന്നോടിയായി ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശിശു വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഓട്ടിസം ബാധിതരായ കുഞ്ഞുങ്ങളും മാതാപിതാക്കളും പങ്കെടുത്തു. സീനിയര്‍ പീഡിയാട്രിക്ക് കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് വര്‍ക്കി ചെറിയാന്‍ മാതാപിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ഡെപ്യൂട്ടി നഴ്‌സിങ് ഓഫീസര്‍ ജെസി വര്‍ഗീസ് ഓട്ടിസം അവബോധദിന സന്ദേശം നല്‍കി. ഓട്ടിസം ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് കരുതല്‍ നല്‍കുവാനും മാതാപിതാക്കള്‍ക്ക് വേണ്ട പിന്തുണ ഉറപ്പുവരുത്തുവാനും സമൂഹത്തിന് വേണ്ട ബോധവത്കരണം നല്‍കുന്നതിനുമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ശിശു വികസന കേന്ദ്രത്തിലെ കുട്ടികള്‍ പങ്കെടുത്ത കലാപരിപാടികളും കായിക വിനോദങ്ങളും അരങ്ങേറി.
ജനിതകമായ സവിശേഷതകള്‍ മൂലം കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു തരം മാനസിക വ്യതിയാനമാണ് ഓട്ടിസം. കുട്ടികളിലെ ആശയവിനിമയ, സഹവര്‍ത്തിത്വ ശേഷികള സാരമായി ബാധിക്കുന്ന ഓട്ടിസം എന്ന അവസ്ഥയ്ക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയേക്കാള്‍ സൗഹൃദപരമായ ജീവിതാന്തരീക്ഷം പ്രദാനം ചെയ്ത് വേണ്ട പരിശീലനങ്ങള്‍ നല്‍കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദം. ബിലീവേഴ്‌സ് ശിശു വികസനകേന്ദ്രത്തില്‍ ഓട്ടിസമുള്ള കുട്ടികള്‍ക്ക് അവരുടെ ഓരോരുത്തരുടെയും സവിശേഷതകളും കഴിവുകളും മനസ്സിലാക്കിയുള്ള പരിശീലനങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളുമാണ് നല്‍കി വരുന്നത്. ഐക്യ രാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബര്‍ 18 ലെ തീരുമാനപ്രകാരം ഏപ്രില്‍ 2 ആണ് ലോക ലോക ഓട്ടിസം അവബോധ ദിനമായി ആചരിച്ചു വരുന്നത്.