പത്തനംതിട്ട: കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളേജിന്റെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. മൗണ്ട് സിയോണ്‍ ലോ കോളേജ് ഗേള്‍സ് ഹോസ്റ്റലില്‍ നിന്നുളള ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്. പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴു ഉണ്ടായിരുന്നത്.
മുന്‍പും കോളേജില്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിങ് ഏജന്‍സിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് പറഞ്ഞ് ഉത്തവാദിത്വത്തില്‍ നിന്നും ഒഴിയുകയാണ് കോളേജ് പ്രിന്‍സിപ്പാളെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.
ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.