കടമ്പനാട്: കുടുംബാരോഗ്യ കേന്ദ്രത്തിന് ഭീഷണിയായി നില്‍ക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി. ഇതിനുള്ള ചെലവ് പഞ്ചായത്ത് കമ്മറ്റിയില്‍ നിന്ന് ഈടാക്കുകയും ചെയ്തു. പാഴ്തടിയെന്ന പേരില്‍ വലിയ വില കിട്ടുന്ന മരങ്ങള്‍ മുറിച്ചതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസില്‍ പരാതി കൊടുത്തതോടെ തടി മില്ലില്‍ നിന്നും തടിക്കഷണങ്ങള്‍ കൊണ്ട് മരം മുറിച്ച സ്ഥലത്തിട്ടു. ഇതിനൊപ്പം മില്ലില്‍ അറുത്ത ഉരുപ്പടികള്‍ കൂടി കണ്ടതോടെ കളളി പൊളിഞ്ഞു. സിപിഎമ്മിന്റെ നേതാവായ പഞ്ചായത്ത് ആറാം വാര്‍ഡംഗം ലിന്റോ യോഹന്നാന്‍ ആണ് വെട്ടിലായിരിക്കുന്നത്.
ലിന്റോയുടെ വാര്‍ഡില്‍ തുവയൂര്‍ തെക്ക് കന്നാട്ടുകുന്നിലുള്ള കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് ഭീഷണിയായി നില്‍ക്കുന്ന പാഴ്മരങ്ങള്‍ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസറെ ലിന്റോ തന്നെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ പാഴ്മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുമതി നല്‍കി. വയണ, വട്ട, പന, കവുങ്ങ് എന്നിവ മുറിച്ചു മാറ്റാനായിരുന്നു അനുമതി. എന്നാല്‍, വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ആ പറമ്പിലുണ്ടായിരുന്ന വന്‍ മരങ്ങള്‍ ഉള്‍പ്പെടെ ഒരാഴ്ച മുന്‍പ് മുറിച്ചു കടത്തുകയായിരുന്നു. ഉപകേന്ദ്രത്തിന് യാതൊരു തരത്തിലും ഭീഷണിയില്ലാതെ വടക്ക് കിഴക്കേ മൂലയില്‍ നിന്നിരുന്ന കൂറ്റന്‍ ആഞ്ഞിലി, ഒന്നര ലക്ഷം രൂപ വിലവരുന്ന പ്ലാവ് എന്നിവയും മുറിച്ചു കടത്തി. ഇത് മുറിച്ചതിനുള്ള ലേബര്‍ ചാര്‍ജായി 9900 രൂപയുടെ ബില്‍ തിങ്കളാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ പാസാക്കുകയും ചെയ്തു.
ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളായ മണ്ണടി മോഹന്‍, സുരേഷ് കുഴിവേലി എന്നിവര്‍ ഉപകേന്ദ്രത്തിന്റെ പരിസരത്ത് ചെന്നു നോക്കുമ്പോഴാണ് മെമ്പറുടെ നേതൃത്വത്തില്‍ നടന്ന ‘വനം കൊള്ള’ മനസിലായത്. ആര്‍ക്കും വേണ്ടാത്ത രണ്ടു പനയും എതാനും ഇലയും തോലും മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇവര്‍ ഇതിന്റെയെല്ലാം ചിത്രം പകര്‍ത്തി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഏതൊക്കെ മരങ്ങളാണ് മുറിക്കാന്‍ അനുമതി നല്‍കണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കടമ്പനാട് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുകയും ചെയ്തു.
ഇതിന് പുറമേ ഏനാത്ത് പൊലീസിലും പരാതി നല്‍കി. പിന്നെ നടന്നത് വിചിത്രമായ സംഗതികളാണെന്ന് നേതാക്കള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ നോക്കുമ്പോള്‍ തിങ്കളാഴ്ച ആ സ്ഥലത്ത് കാണാതിരുന്ന ഏതാനും തടിക്കഷണങ്ങള്‍ ആരോ ഇറക്കിയിട്ടിരിക്കുന്നു. തടി മില്ലില്‍ മുറിച്ച് അറുക്കാനിട്ടിരുന്ന കഷണങ്ങളാണ് ഇവിടെ കൊണ്ടിട്ടിരിക്കുന്നത്. പൊലീസ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി തിടുക്കത്തില്‍ തടിക്കഷണം എത്തിക്കുന്നതിനിടെ മില്ലില്‍ അറുത്തിട്ടിരുന്ന മുട്ടികളും ഉള്‍പ്പെട്ടിരുന്നു. ഇതോടെ പഞ്ചായത്തംഗം വെട്ടിലാണ്.