പന്തളം: സ്‌കൂട്ടറും മോഷ്ടിച്ച് ബഹുദൂരം പോകാത്ത യുവാവിനെ അതിവേഗം അറസ്റ്റ് ചെയ്ത് പോലീസ്. മോഷ്ടിച്ച് കൃത്യം ആറാം മണിക്കൂറില്‍ സ്‌കൂട്ടറും മോഷ്ടാവും പൊലീസിന്റെ കൈയിലായി. ചെന്നീര്‍ക്കര മുട്ടത്തുകോണം ഗിരിജാ ഭവനില്‍ അര്‍ജുന്‍ എസ്. ഗിരീഷ് ( 22) ആണ് പിടിയിലായത്. എസ്.ഐ വി വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അതിവേഗം പൊക്കിയത്.
ചൊവ്വാഴ്ച്ച വൈകിട്ട് 3.30 ന് എം.സി റോഡില്‍ കുളനട മാന്തുക ഭാഗത്ത് വച്ചിരുന്ന കുരുമ്പിലേത്ത് തെക്കേതില്‍ വീട്ടില്‍ സജി മാത്യു(44)വിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ കേസെടുത്ത പന്തളം പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അന്നുതന്നെ രാത്രി 9.30 ന് മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം ഡ്രീം ബില്‍ഡ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മുന്‍വശത്തു നിന്നും സ്‌കൂട്ടര്‍ കണ്ടെത്തി.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത നിലയില്‍ കണ്ട വാഹനം സജി മാത്യുവിനെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നയാളാണ് സ്‌കൂട്ടര്‍ ഇവിടെ കൊണ്ടു വച്ചത് എന്ന് വ്യക്തമായി. അവിടെനിന്നും യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്തു. യുവാവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സ്‌കൂട്ടറിന്റെ താക്കോല്‍, സജിയുടെ എടിഎം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ കണ്ടെടുത്തു. മോഷണം നടന്ന സ്ഥലത്തിന് സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ വളരെ വേഗം പോലീസ് സംഘത്തിന് പിടികൂടാനായത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ സ്‌കൂട്ടറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്ന നമ്പര്‍ പ്ലേറ്റുകള്‍, മുന്‍വശം ഉണ്ടായിരുന്ന റിയര്‍ വ്യൂ മിറര്‍ എന്നിവ ഒടിച്ചെടുത്ത് ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തി. ഇവ കളഞ്ഞ സ്ഥലങ്ങളില്‍ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെടുക്കാന്‍കഴിഞ്ഞില്ല.
വാഹനത്തില്‍ നിന്നും വിരലടയാളങ്ങള്‍ വിദഗ്ദ്ധര്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.