
പന്തളം: അച്ചന്‍കോവിലാറ്റില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുങ്ങി മരണം. മുളമ്പുഴയിലെ തടയണയ്ക്ക് സമീപം ചെങ്ങന്നൂര്‍ കാരയ്ക്കാട് മാന്തുക സിനി ഭവനില്‍ അശോകന്റെ മകന്‍ കമല്‍ എസ്. നായരാ(25)ണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുങ്ങി മരിച്ചത്.
കുളിക്കാന്‍ ഇറങ്ങിയ നാല് പേരടങ്ങുന്ന സംഘം ആണ് ഒഴുക്കില്‍ പെട്ടത്. ഇതില്‍ മൂന്ന് പേര് നീന്തി കരയ്ക്ക് കയറി. ഇവരെ പന്തളം പോലീസ്
കസ്റ്റഡിയിലെടുത്തു. കമല്‍ എസ് നായരുടെ മൃതദേഹം പത്തനംതിട്ട സ്‌കൂബാ ടീമും അടൂര്‍ ഫയര്‍ ഫോഴ്‌സും നടത്തിയ സംയുക്ത തിരച്ചിലില്‍ തടയണയ്ക്ക് അന്‍പത് മീറ്റര്‍ താഴെ നിന്നും കണ്ടെടുക്കുകയായിരുന്ന്.
നെയ്യാറ്റിന്‍കര അമരവിള സ്വദേശി രതീഷ് മോന്‍(29), മുളക്കുഴ സ്വദേശി ജിബി കെ വര്‍ഗ്ഗീസ് (38), കൊഴുവല്ലൂര്‍ സ്വദേശി അനീഷ് കുമാര്‍ (23) എന്നിവരാണ് രക്ഷപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റജി കുമാറിന്റെ നേതത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. മാതാവും സഹോദരനും വിദേശത്താണ്. മുത്തശ്ശിയോടൊപ്പം ആണ് അമല്‍ താമസിച്ചിരുന്നത്. പന്തളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് ഞെട്ടൂര്‍ ഇടക്കടവില്‍ കുളിക്കാനിറങ്ങിയ ആറംഗ സംഘത്തിലുണ്ടായിരുന്ന പൈവഴി സ്വദേശി ഗീര്‍വഗീസ് പി. വര്‍ഗീസും മുങ്ങി മരിച്ചിരുന്നു.