
പത്തനംതിട്ട: യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്. യുവാവിന് 18 തികയാന്‍ ഇനിയുമുണ്ട് നാലു മാസം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കെതിരേ പോക്‌സോ കേസ് വരാനും സാധ്യത. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസും വെട്ടില്‍.
ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലാണ് വാദി പ്രതിയാകുന്ന ക്ലൈമാക്‌സ് ഉണ്ടായിരിക്കുന്നത്. ബംഗളൂരുവില്‍ നഴ്‌സിങിന് പഠിക്കുന്നയാളാണ് പരാതിക്കാരി. നിലവില്‍ പ്രതിയായ യുവാവുമായി യുവതിക്ക് പ്രണയബന്ധം ഉണ്ടായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളജില്‍ നിന്ന് വീട്ടില്‍ പറഞ്ഞു വിട്ടു. പരീക്ഷ എഴുതാന്‍ മാത്രം അനുവദിച്ചു.
തുടര്‍ന്ന് ചിറ്റാര്‍ പൊലീസില്‍ യുവതി പരാതി നല്‍കി. യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്. ആ സമയം യുവതിക്ക് പതിനെട്ടു വയസു കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ പതിനെട്ട് തികയാന്‍ നാലു മാസം കൂടി വേണം. ഇതോടെയാണ് പൊലീസ് വെട്ടിലായത്. യുവതിക്കെതിരേ പോക്‌സോ കേസ് എടുക്കാനുള്ള വകുപ്പുണ്ട്. എന്തു ചെയ്യണമെന്ന് പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍.