പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘം നടത്തിയ നീക്കത്തിനൊടുവില്‍ തപാല്‍ വഴി അയച്ച ചരസുമായി യുവാവ് പിടിയില്‍. ചൂരക്കോട് അരവിളയില്‍ അരുണ്‍ വിജയനാണ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഇന്ത്യാ പോസ്റ്റ് പാഴ്സല്‍ വഴിയാണ് സാധനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ ചൂരക്കോട് പോസ്റ്റ് ഓഫീസില്‍ എത്തിയത്. ഫോള്ക സ്പോട്ട്, പ്രിനി, മണാലി, ഹിമാചല്‍ പ്രദേശ് എന്ന് വിലാസത്തില്‍ നിന്നാണ് പാഴ്സല്‍ വന്നത്.
അരുണിന്റെ വിലാസത്തില്‍ ലഹരി മരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ അരുണിന്റെ വിലാസത്തില്‍ ചൂരക്കോട് പോസ്റ്റ് ഓഫീസില്‍ പാഴ്സല്‍ വന്നത്. ഇത് കൈപ്പറ്റി അരുണ്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഡാന്‍സാഫ് സംഘം പിടികൂടുകയായിരുന്നു. ഏനാത്ത് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് പ്രദേശം. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ചരസ് സൂക്ഷിച്ചിരുന്നത്.
സ്പീക്കറിന്റെ ഡയഫ്രം ഇളക്കി മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ലഹരി വസ്തു കണ്ടത്. ഒരു കിലോയില്‍ താഴെയാണ് സ്പീക്കറില്‍ ഉണ്ടായിരുന്നത്. മെഴുകു രൂപത്തില്‍ ചുരുട്ടിയാണ് കവറില്‍ ആക്കിയിരുന്നത്. അരുണ്‍ ഏറെക്കാലം ബംഗളൂരുവില്‍ ജോലിയിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം ഇയാള്‍ സമാന കേസില്‍ പിടിയിലായിട്ടുണ്ട്. അരുണിന്റെ പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്ന് ഊരിപ്പോരുകയായിരുന്നുവെന്ന് പറയുന്നു. ചരസ് പിടികൂടിയ കേസില്‍ അരുണിനെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.