
പത്തനംതിട്ട : മദ്യം വാങ്ങിയ പണത്തിന്റെ വിഹിതം ചോദിച്ച വിരോധത്താല്‍ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പോലീസ് 2015 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്നിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന് നല്‍കണം. പെരുമ്പെട്ടി കൊറ്റനാട് വട്ടക്കുന്നേല്‍ വീട്ടില്‍ നിന്നും എരുമേലി തെക്ക് കൊടിത്തോട്ടം പഴയിടം വീട്ടില്‍ താമസിക്കുന്ന ഷൈജു (26) വിനെയാണ് ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. കേസില്‍ ആകെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.
രണ്ടാം പ്രതി പഴവങ്ങാടി കരികുളം മോതിരവയല്‍ പുലിയള്ളു വാലുപറമ്പ് വീട്ടില്‍ ബിനുവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി ചാക്കോ, കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങുംമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. 2015 ഡിസംബര്‍ 24 നാണ് കേസിന് ആസ്പദമായ സംഭവം. റാന്നി പഴവങ്ങാടി ചെറുകുളഞ്ഞി ചാവരുപാറ പുതുപ്പറമ്പില്‍ വീടിനുള്ളില്‍ വച്ച് ബിജു എന്ന് വിളിക്കുന്ന ബിനുമോനെ പ്രതികള്‍ കമ്പുകൊണ്ട് തലയ്ക്കും ദേഹമാസകാലം അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്ക് പറ്റുകയും വാരിയെല്ലുകള്‍ പൊട്ടുകയും ചെയ്തു. പരുക്കിന്റെ കാഠിന്യത്താല്‍ മരണം സംഭവിക്കുകയായിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.
റാന്നി പോലീസ് ബിജുവിന്റെ പിതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു. അന്നത്തെ റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ റഹീമാണ് കേസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ പി വി രമേശ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി.