പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു

0 second read
0
0

പത്തനംതിട്ട: ഡിസിസി വൈസ് പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റുമായ ചെന്നീര്‍ക്കര മാത്തൂര്‍ മേലേടത്ത് എം.ജി. കണ്ണന്‍ (40) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് പരുമലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് മരണം സ്ഥിരീകരിച്ചത്. പനി ബാധിച്ച് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കണ്ണനെ ഇന്നലെ വൈകിട്ടാണ് സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്‌കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പില്‍ നടക്കും.

കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന കണ്ണന്‍ ചെന്നീര്‍ക്കര പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചപ്പോള്‍ അടൂരില്‍ മത്സരിച്ച കണ്ണന്‍ എതിര്‍ സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന് കനത്ത് വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 2016 ലെ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ 25460 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ 2919 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. മണ്ഡലം ഇളക്കി മറിച്ച് പ്രവര്‍ത്തിച്ച കണ്ണന്‍ ചിറ്റയത്തിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചുവെന്ന് മാത്രമല്ല, ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും ചെയ്തു.

ആസന്നമാകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലായിരുന്നു കണ്ണന്‍. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്താണ് കണ്ണന്റെ മകന് ബ്ലഡ് കാന്‍സറിനുള്ള ചികില്‍സ നടത്തേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തി വച്ച് മകനുമായി കണ്ണന്‍ ആര്‍സിസിയില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ പേരില്‍ കണ്ണന് രൂക്ഷമായ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. കൃത്യമായ ചികില്‍സയെ തുടര്‍ന്ന് മകന്‍ പൂര്‍ണമായും രോഗമുക്തനായതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്്, പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കണ്ണന്‍ പ്രസിഡന്റായിരിക്കുന്ന സമയത്ത് നിരവധി സമര പരിപാടികള്‍ ഏറ്റെടുത്ത് നടത്തി. പലതിലും കണ്ണന് ലാത്തിയടിയേറ്റ് തലയ്ക്ക് മാരക പരുക്കു നേരിട്ടിരുന്നു.

Load More Related Articles
Load More By Veena
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

വയോധികന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍: സൈക്കിളില്‍ നിന്ന് വീണതെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: വയോധികനെ ശരീരത്ത് പരുക്കുകളോടെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. …