കോട്ടയം: ചിങ്ങവനം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നു വീണ് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ദാരുണാന്ത്യം. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയില്‍ വീട്ടില്‍ തോമസ് ശാമുവേലിന്റെ മകന് ഷോണ്‍ (28) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 4:30 യോടു കൂടി ചിങ്ങവനം റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസ്സിലെ യാത്രക്കാരന് ആയിരുന്നു ഷോണ്‍. ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ വാതിലിനു സമീപം നിന്ന ഷോണ്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ഇയാളുടെ കൂടെയുള്ള പത്തനംതിട്ട സ്വദേശികളും സഹോദരന്മാരുമായ ജോയല്‍, ജിജോ എന്നിവര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് തിരികെ ഓടിയെത്തിയാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. തലയ്ക്കു ഗുരുതര പരിക്കേറ്റ ഷോണ്‍ ചികിത്സയ്ക്കായി കൊണ്ടു പോകും വഴി മരിച്ചു. അമ്മ ഷേര്‍ലി തോമസ്. സഹോദരന്: സാം സാന്‍ജോ തോമസ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.