ഇലവുംതിട്ട: കാറിന്റെ പിന്നില്‍ സ്‌കൂട്ടര്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹെല്‍മെറ്റ് കൊണ്ട് കാര്‍ യാത്രികന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച സി.പി.എം ബ്രാഞ്ച് കമ്മറ്റിയംഗമായ സര്‍ക്കാര്‍ കരാറുകാരന്‍ റിമാന്‍ഡില്‍. സജി ഭവനം വീട്ടില്‍ എസ്. സജി (56) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12 ന് രാമഞ്ചിറയിലാണ് സംഭവം. രാമഞ്ചിറ പുതുമംഗലത്ത് കമലാസന(78)നാണ് ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റത്. കമലാസനന്റെ സുഹൃത്ത് കുഞ്ഞുമോന്‍ യാത്ര ചെയ്തിരുന്ന കാറിന് പിന്നിലാണ് സ്‌കൂട്ടര്‍ ഇടിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. സജി കുഞ്ഞുമോനെ ഹെല്‍മറ്റ് കൊണ്ട് അടിക്കുന്നത് തടഞ്ഞ കമലാസനന്റെ വലതു കൈവിരലിന് പരുക്കേറ്റു. തുടര്‍ന്ന് സജി ഹെല്‍മറ്റ് കൊണ്ട് കമലാസനന്റെ തലയില്‍ അടിച്ചു പരുക്കേല്‍പ്പിച്ചു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കമലാസനന്റെ മൊഴി വാങ്ങി കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുക്കുകയായിരുന്നു.
കൃത്യത്തിന് ഉപയോഗിച്ച ഹെല്‍മെറ്റും കണ്ടെടുത്തു. തനിക്കും പരുക്ക് പറ്റിയെന്ന സജിയുടെ പരാതിയില്‍ ദേഹോപദ്രവത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ എസ്.സി.പി.ഓമാരായ റെജിന്‍, സുരേഷ്, സി.പി.ഓമാരായ അനന്തു, ധീരജ് എന്നിവരാണുള്ളത്.