കോഴഞ്ചേരി: പൈതൃക നഗരിയെ ഭക്തി സാന്ദ്രമാക്കി ആറന്മുളയില്‍ ഉത്സവ കൊടിയേറ്റ്. ഇതോടെ ആറന്മുള ഉത്സവ മേളത്തിലായി.പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തന്ത്രി കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി, മേല്‍ശാന്തിഎസ്.രമേശന്‍ പോറ്റി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്.
പതിവ് പൂജകള്‍ക്ക് ശേഷം പാര്‍ത്ഥസാരഥിയുടെ മൂലസ്ഥാനമായ വിളക്കുമാടം
കൊട്ടാരത്തിലേക്ക് എഴുന്നളളിപ്പ് നടന്നു. ആറു മുള കെട്ടിയ ചങ്ങാടത്തില്‍ നിലയ്ക്കലില്‍ നിന്ന് വന്നതിന്റെ സങ്കല്‍പ്പാര്‍ഥം ക്ഷേത്ര
സന്നിധിയിലേക്ക് മുളയെഴുന്നളളിപ്പ് നടന്നു. ക്ഷേത്രത്തില്‍ പൂജകള്‍ക്ക്
ശേഷം കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എത്തിച്ചപ്പോള്‍ ഭക്തര്‍
വായ്ക്കുരവയിട്ട്് സ്വീകരിച്ചു.
പുജാ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അഷ്ടദിക്ക്് പാലകര്‍ക്ക് കൊടിയേറ്റ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. അജികുമാര്‍, ഉപദേശക സമതി പ്രസിഡന്റ് കെ.ബി. സുധീര്‍, കെ.ആര്‍. രാജേഷ്, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി,
എ. പദ്മകുമാര്‍, ക്യാപ്റ്റന്‍.ടി.കെ.രവീന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊടിയേറ്റ് സദ്യ, മാസ്റ്റര്‍ ദീക്ഷിത് കൃഷ്ണ, കാട്ടൂര്‍ ഹരികുമാര്‍ എന്നിവരുടെ സംഗീത സദസ് എന്നിവയും നടന്നു.
ശനി രാവിലെ ഏഴിന് ശ്രീബലി, ഒമ്പതിന് ചിലങ്ക ഡാന്‍സ് അക്കാദമിയുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി നൃത്തസംഗീതോത്സവം, 10.30 ന് ഉത്സവബലി ആരംഭം, 12ന് ഉത്സവബലി ദര്‍ശനം, രാത്രി ഏഴിന്് കഥകളി എന്നിവ നടക്കും.