അടൂര്‍: ദേവി സ്‌കാന്‍സില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്തിയ സംഭവത്തില്‍ താനാണ് ജീവനക്കാരനെതിരേ ആദ്യം പോലീസില്‍ പരാതി നല്‍കിയത് എന്ന ഉടമയുടെ അവകാശവാദം പൊളിയുന്നു. ചിത്രം പകര്‍ത്തിയ ജീവനക്കാരനെ പോലീസ് കൈയോടെ പിടികൂടുകയും വാര്‍ത്ത പ്രചരിക്കുകയും ചെയ്തതോടെയാണ് ഉടമ അവകാശവാദവുമായി രംഗത്ത് വന്നിരുന്നത്. കുഴപ്പമുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ ലാബുടമ പറഞ്ഞിരുന്നു. വിവരമറിഞ്ഞപ്പോള്‍ താനാണ് പോലീസില്‍ പരാതി നല്‍കിയതെന്നും തന്റെ പരാതി പ്രകാരമാണ് അറസ്‌റ്റെന്നുമായിരുന്നു ഉടമയുടെ അവകാശവാദം.
ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ വിവരാവകാശ പ്രകാരം ലഭിച്ചു. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിച്ച രേഖകളില്‍ പറയുന്നത് സംഭവം സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത് യുവതി മാത്രമാണെന്നും ലാബ് ഉടമയുടെ പരാതി കിട്ടിയിട്ടില്ലെന്നുമാണ്.വിവരാവകാശ മറുപടിയില്‍ പറയുന്നത്. പോക്‌സോ ആക്ടിലെ വകുപ്പുകള്‍ അടക്കമാണ് പ്രതിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ കൈയില്‍ നിന്ന് പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രം കൂടി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ ചേര്‍ത്തത്.
എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ സംഭവം ഉണ്ടായത് കഴിഞ്ഞ നവംബര്‍ 11 നാണ്. റേഡിയോഗ്രാഫര്‍ കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്.
രാത്രിയാണ് സംഭവം. അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലാണ് സ്‌കാനിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന മനസിലാക്കിയത്. പെണ്‍കുട്ടി ഉടന്‍ തന്നെ ബഹളമുണ്ടാക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് സ്ഥലത്ത് വന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രതി അന്‍ജിത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാള്‍ തിരുവനന്തപുരം ദേവി സ്‌കാന്‍സില്‍ ജോലി ചെയ്യുമ്പോഴും ഇതേ പണി കാണിച്ചിട്ടുണ്ട്. അവിടെ നിന്ന് പകര്‍ത്തിയ 12 പേരുടെ ദൃശ്യങ്ങളാണ് ഫോണില്‍ ഉണ്ടായിരുന്നത്. ഡ്യൂട്ടിക്ക് കയറിയാല്‍ ഉടന്‍ രോഗികള്‍ സ്‌കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോള്‍ കൃത്യമായി കിട്ടുന്ന ദൃശ്യങ്ങള്‍ മാത്രമാണ് സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്. അല്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ചില ദൃശ്യങ്ങളില്‍ നഗ്‌നഭാഗങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യും. പൂര്‍ണമായി കിട്ടിയിരുന്നത് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഗാലറിയില്‍ സുക്ഷിച്ചിരുന്നത്. കാലിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, യുവതി പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ കണ്ടത്. ഇതോടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത ശേഷം അടൂര്‍ പോലീസില്‍ വിവരം അറിയിച്ചു.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അടുരില്‍ നിന്ന് നാലിലധികം ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്.