കോയിപ്രം: കൈവശം സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. പുല്ലാട് കുറുങ്ങഴ കാഞ്ഞിരപ്പാറ വട്ടമല പുത്തന്‍ വീട്ടില്‍ സന്തോഷ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 18 ചെറിയ ബോട്ടിലുകളിലായി 40 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് വില്പനയ്ക്ക് എത്തിച്ചതാണെന്ന് പ്രതി വെളിപ്പെടുത്തി. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റയിലെടുത്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ഇതാദ്യമായാണ് ഹാഷിഷ് ഓയില്‍ മാത്രമായി പിടിച്ചെടുക്കുന്നത്. കഴിഞ്ഞവര്‍ഷം റാന്നിയില്‍ നിന്നും കഞ്ചാവിനൊപ്പം 36 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ വിദ്യാധരന്റെ മേല്‍നോട്ടത്തില്‍ ലഹരി വസ്തുക്കള്‍ക്കെതിരായ അന്വേഷണം പോലീസ് വ്യാപകമാക്കി വരികയാണ്.
ഡാന്‍സാഫ് സംഘവും കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ മുട്ടുമണില് നിന്നും കസ്റ്റഡിയിലെടുത്തത്. സന്തോഷ് ഒരു കണ്ണി മാത്രമാണെന്നും സംഘാംഗങ്ങള്‍ക്കായുള്ള അന്വേഷണം ഊര്ജിതപ്പെടുത്തിയെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോയിപ്രം എസ്.ഐ. അനൂപ്, എസ്.ഐ ഷൈജു, ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ അജി സാമുവല്‍, എ.എസ്.ഐമാരായ അജികുമാര്‍, മുജീബ്, സി.പി.ഓമാരായ ശ്രീരാജ്, മിഥുന്, ബിനു, സുജിത്, അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.