റാന്നി: മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചത് എന്നാണ്. ജനുവരി 30 നാണെന്നാണ് നമുക്ക് അറിയാവുന്നത്. എന്നാല്‍, ഗാന്ധിജിയുടെ പിന്മുറക്കാരെന്ന് അഭിമാനിക്കുന്ന കോണ്‍ഗ്രസിന്റെ പോഷക സംഘടനായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചത് ഒക്‌ടോബര്‍ 30 നാണ്. പക്ഷേ, അവര്‍ ജനുവരി 30 ന് ഗാന്ധിജിയുടെ ഫ്‌ളെക്‌സ് അടിച്ച് പുഷ്പാര്‍ച്ചന നടത്തും.
റാന്നി പഴവങ്ങാടിയിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കാണ് അമളി പറ്റിയിരിക്കുന്നത്. റാന്നി പഴവങ്ങാടി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയാണ് തെറ്റായ തീയതി വച്ച് ഫ്‌ളെക്‌സ് അടിച്ച് പുഷ്പാര്‍ച്ചനയും നടത്തി വിളക്കും തെളിച്ചത്. പ്രിന്റിങ്ങില്‍ വന്ന തെറ്റാണെങ്കിലും സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറല്‍ ആക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ 31 മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണ്.