ലോകം തരിച്ചുനിന്ന നിമിഷം: ദിവ്യജ്യോതിസ് അണഞ്ഞുപോയ നിമിഷം…

41 second read
Comments Off on ലോകം തരിച്ചുനിന്ന നിമിഷം: ദിവ്യജ്യോതിസ് അണഞ്ഞുപോയ നിമിഷം…
0

സജീവ് മണക്കാട്ടുപുഴ

1948, ജനുവരി 30 വെള്ളി… ലോകത്തിനാകെ വെളിച്ചമേകിയ ഭാരതത്തിന്റെ സൂര്യതേജസ്സ് അസ്തമിച്ച ദിനം, അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക്, തമസ്സില്‍ നിന്ന് വെള്ളിവെളിച്ചത്തിലേക്ക് ഭാരതത്തെ നയിച്ച പുണ്യ പുരുഷന്‍,’അര്‍ദ്ധനഗ്‌നനായ ഫക്കീര്‍’ നിശ്ശബ്ദനാക്കപ്പെട്ട ദിനം,
മഹാത്മജിയുടെ സംഭവബഹുലമായ ജീവിതത്തിലെ അവസാനദിനം…
വൈകുന്നേരം 5.17 നാണ് ആ വലിയ ദുരന്തം സംഭവിച്ചത്, മഹാത്മാവിന്റെ ഹൃദയമിടിപ്പ് ഒരു മതമൗലികവാദിയുടെ തോക്കിലെ വെടിയുണ്ടകള്‍ ഒടുക്കിയ ആസൂത്രിത ദുഷ്‌കര്‍മം !

സ്ഥലം : ഡല്‍ഹി ബിര്‍ള മന്ദിര്‍ ( ബിര്‍ള ഹൗസ് )

സത്യം, അഹിംസ എന്നീ മഹത്തായ തത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച്, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഭാരത ജനതയെ ഒരു മാലയിലെ മുത്തുമണികള്‍ പോലെ യോജിപ്പിച്ച് സമരപോരാട്ടം നയിച്ച മഹാത്മാ ഗാന്ധി, വൈകുന്നേരങ്ങളില്‍ സ്ഥിരമായി നടത്തിവന്ന പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞ് ഇറങ്ങി വരുന്നു, എന്നും 5 മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനായോഗം അന്ന് 10 മിനിറ്റ് താമസിച്ചു, കാരണം 4 മണിക്ക് വല്ലബ്ഭായി പട്ടേലുമായുള്ള അഭിമുഖം നിശ്ചയിച്ചിരുന്നു.

തലേരാത്രി അദ്ദേഹം തയാറാക്കിയ കോണ്‍ഗ്രസ് ഭരണഘടനയുടെ കരടില്‍ ചില മാറ്റങ്ങള്‍ വരുത്തി, 30 ന് ഉച്ചയോടെ സെക്രട്ടറി പ്യാരെലാലിനെ ഏല്പിച്ചു. പട്ടേലും മകള്‍ മണി ബെന്നുമായി സംസാരത്തിനിടെ, മനു എത്തി കത്യാവാറില്‍ നിന്നുള്ള ചിലര്‍ കാണാന്‍ സമയം ചോദിച്ച കാര്യം അറിയിച്ചു. ബാപ്പു ഇങ്ങനെ മറുപടി പറഞ്ഞു, ‘പ്രാര്‍ത്ഥന യോഗം കഴിഞ്ഞ് ഞാന്‍ ബാക്കിയുണ്ടെങ്കില്‍ അവരെ കാണാമെന്ന് അറിയിക്കൂ…’

തനിക്ക് അരികിലേക്ക് മരണം എത്തുന്നു എന്ന് സൂചന കിട്ടിയപോലെയുള്ള മറുപടി ആയിരുന്നു അത്ഃ 7 അറകളുള്ള കറുത്ത ഇറ്റാലിയന്‍ ബരേറ്റ പിസ്റ്റളുമായി പഴയ ദില്ലി റെയില്‍വേ സ്‌റ്റേഷനില്‍ ആറാം നമ്പര്‍ മുറിയില്‍ തീവ്രഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്‌സെ ഉറങ്ങിക്കിടന്നതും തുടര്‍ന്ന്, ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം ബിര്‍ള ക്ഷേത്രത്തിലേക്ക് തിരിച്ചതും ബാപ്പു മനസ്സാ അറിഞ്ഞതുപോലെ !!

നാരായണ്‍ ആപ്‌തെ, വിഷ്ണു കര്‍ക്കാരെ എന്നിവര്‍ വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചു, ഗോഡ്‌സെ അങ്ങനെ ചെയ്തില്ല. 10 ദിവസം മുമ്പ് ഗാന്ധിജിക്ക് നേരെയുണ്ടായ വധശ്രമത്തെ തുടര്‍ന്ന് ബിര്‍ള മന്ദിരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും കാര്യമായ പരിശോധനകള്‍ക്ക് വിധേയരാവാതെ മൂവരും മുന്‍ വാതിലിലൂടെ ഉള്ളില്‍ കടന്നു.

പ്രാര്‍ത്ഥനായോഗം കഴിഞ്ഞ് 5.10 ന് മനു, ആഭ എന്നീ സഹചാരികള്‍ അദ്ദേഹത്തെ സമയം ഓര്‍മ്മിപ്പിച്ചു, സംസാരം പെട്ടെന്ന് നിര്‍ത്തി ഗാന്ധിജി പുറത്തു വന്നു, പ്രാര്‍ത്ഥനാ ഹാള്‍ ഗ്രൗണ്ടിന്റെ മധ്യത്തിലൂടെ 200 വാര അകലെയുള്ള പുല്‍ത്തകിടി ലക്ഷ്യമാക്കി അവസാന നടത്തത്തിന് തുടക്കം കുറിച്ചു.

ഗ്രൗണ്ടിലെത്താന്‍ ഏതാനും വാര മാത്രം ബാക്കി നില്‍ക്കെ, ജനക്കൂട്ടത്തില്‍ നിന്ന നാഥുറാം വിനായക് ഗോഡ്‌സെ (35) എന്ന മതഭ്രാന്തന്‍ മുന്നോട്ടുവന്നു, അദ്ദേഹത്തിന്റെ ഇരുകൈകളും പിടിച്ചു ‘നമസ്‌തെ ഗാന്ധിജി എന്ന് പറഞ്ഞു. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു, ഗാന്ധിജി പറഞ്ഞു…
‘ നിങ്ങള്‍ താമസിച്ചു…. ‘
‘അതേ ഞാന്‍ താമസിച്ചു ‘ എന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ മഹാത്മാവിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു, പക്ഷെ ആ ചിരിക്ക് അല്പായുസ്സേ ഉണ്ടായുള്ളൂ, ഗോഡ്‌സെ കൈകള്‍ കൂപ്പി, ശേഷം ഗാന്ധിജിയുടെ പാദങ്ങളിലേക്ക് കുനിഞ്ഞു. എന്തോ പന്തികേട് തോന്നിയ മനു മുന്നോട്ട് നീങ്ങി.

നിവരുന്നതിനിടയില്‍ പെട്ടെന്ന് തന്റെ കാക്കി പാന്റിന്റെ വലതു പോക്കറ്റില്‍ നിന്നും കറുത്ത പിസ്റ്റള്‍ പുറത്തെടുത്ത് ബാപ്പുവിന്റെ നെഞ്ചിന്‍ കൂടിന് നേരേ ഗോഡ്‌സെ രണ്ട് വെടിയുണ്ടകള്‍ ഉതിര്‍ത്തു, മറ്റൊന്ന് കാലിയായ വയര്‍ കടന്നു അപ്പുറം പോയി. ‘ഹേ… റാം ‘ എന്ന മന്ത്രധ്വനിയോടെ, കൂപ്പുകകളോടെ മഹാത്മജി നിലം പതിച്ചു. ഇടതുകൈകൊണ്ട് മനുവിനെ തള്ളിയിട്ട ശേഷമാണ് ഗോഡ്‌സെ മുന്‍ നിശ്ചയിച്ച പദ്ധതി പ്രകാരം ഈ ക്രൂര കൃത്യം നടപ്പാക്കിയത്.

ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹി, ലോകത്തിന് ഭാരതത്തിന്റെ മഹത്തായ സംഭാവന, ഇന്ത്യന്‍ മതേതരത്വത്തിന്റെ തേജസ്സാര്‍ന്ന മുഖത്തിനുടമ,
വിശേഷണങ്ങള്‍ ഒട്ടും അധികമാകാത്ത, സമാനതകളില്ലാത്ത നമ്മുടെ രാഷ്ട്രപിതാവിന്റെ നെഞ്ചും വയറും തുളച്ച് മൂന്ന് വെടിയുണ്ടകള്‍. ഭാരതത്തിന്റെ മതേതരമുഖം ചോരയാല്‍ ചുവപ്പിച്ചാണ് ആ വെടിയുണ്ടകള്‍ കടന്നുപോയത്.

ഭാരതത്തിന്റെ ഹൃദയസ്പന്ദനം നിലച്ചുപോയ നിമിഷം,
ലോക മനസാക്ഷി ഞെട്ടിത്തരിച്ചുപോയ നിമിഷം,
ഭാരതാംബയുടെ ഹൃദയം ആഴത്തില്‍ മുറിഞ്ഞു, നിണം പരന്നൊഴുകി,
ഇന്ത്യന്‍ ജനത സ്തബ്ധരായി കണ്ണീരണിഞ്ഞു നിന്നു,
അതേ, ആ മഹാത്യാഗിയുടെ നാവു താണു, ശബ്ദം എന്നെന്നേക്കുമായി നിലച്ചു, ആ നാവില്‍ നിന്ന് അവസാനമായി പുറത്തുവന്ന വാക്കുകള്‍, ഇടറിയ ശബ്ദത്തില്‍
‘ ഹേ…… റാം ‘
ആള്‍ ഇന്ത്യ റേഡിയോയിലൂടെയുള്ള സന്ദേശത്തില്‍ പ്രധാന മന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ഇടറിപ്പറഞ്ഞു,
‘പ്രകാശം കെട്ടിരിക്കുന്നു, നമ്മുടെ ജീവിതത്തില്‍ നിന്നും. എല്ലാം ഇരുട്ടിലായിരിക്കുന്നു, നമ്മുടെ പ്രിയ നേതാവ്, നാം ബാപ്പു എന്ന് വിളിച്ച നമ്മുടെ രാഷ്ട്ര പിതാവ് പൊയ്‌പ്പോയിരിക്കുന്നു…’

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി
ജീവത്യാഗം ചെയ്ത ഗാന്ധിജി ഉള്‍പ്പെടെയുള്ള രക്തസാക്ഷികളെ അനുസ്മരിക്കുന്ന ദിവസത്തിലാണ് നമ്മളിന്നുള്ളത്,
75 മത് രക്തസാക്ഷിത്വ ദിനം അഥവാ ഷഹീദ് ദിവസ് ഈ ദിനത്തില്‍ രാവിലെ 11 മണിക്ക് 2 മിനിറ്റ് മൗനം ആചരിക്കുന്നു ഭാരതം, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ രാജ്ഘട്ടിലെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.

ആകെ 6 ദിവസങ്ങളാണ് ഇന്ത്യയില്‍ രക്തസാക്ഷിത്വ ദിനാചരണമുള്ളത്, ഗാന്ധിജി വധിക്കപ്പെട്ട ജനുവരി 30 കൂടാതെ, രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ ഭാഗത് സിംഗ്, സുഖദേവ് താപര്‍, ശിവറാം രാജ്ഗുരു എന്നീ വീരകേസരികളെ തൂക്കിക്കൊന്ന മാര്‍ച്ച് 23, കൂടാതെ മെയ് 29, ഒക്ടോബര്‍ 21, നവംബര്‍ 17, നവംബര്‍ 24 തുടങ്ങിയ ദിവസങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ നമ്മില്‍ നിന്നും മാഞ്ഞുപോകാതിരിക്കട്ടെ.

ഇന്ന് എന്നല്ല, എല്ലായ്‌പ്പോഴും ഭാരതപൗരന്റെ സ്മരണയിലും മനസ്സുകളിലും ഉണ്ടാവണം സ്വാതന്ത്ര്യപ്പോരാളികളുടെ ജീവത്യാഗങ്ങള്‍. നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സുഖങ്ങള്‍ക്ക് മനസ്സാ നന്ദിയും കടപ്പാടും അര്‍പ്പിക്കണം എന്നും നമ്മള്‍, പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമരപ്പോരാളികളുടെ ദീപ്തമായ ഓര്‍മ്മകള്‍ നമ്മളില്‍ നിറയണം,
അല്ലാതെ വന്നാല്‍ നാം നന്ദിയില്ലാത്തവരായി മാറും, അഹങ്കാരം നമ്മില്‍ നിറയും, നമുക്ക് വെളിച്ചമാകണം രക്തസാക്ഷികള്‍.

മരണത്തിന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഗാന്ധിജി ഇങ്ങനെ പറഞ്ഞിരുന്നു,

“Have I that non violence of the brave in me? my death alone will show that, If someone killed me and I died with prayer for the assasin in my lips, and God’ s remembrance and conciosness of his living presence of the sanctuary of my heart, then alone would I be said to have had the non violence of brave.”

ലോകത്തിനാകെ വെളിച്ചം പകര്‍ന്ന ഗാന്ധിജിയെന്ന ഉജ്ജ്വല വ്യക്തിത്വത്തിന് പകരം വയ്ക്കാനില്ല. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ജീവിതതത്വങ്ങള്‍, ജീവിതം തന്നെയും, ലോകത്തിന് ഇനിയും മാര്‍ഗദീപമായിടട്ടെ. അദ്ദേഹമുള്‍പ്പെടെ ഭാരതീയര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ലോകം തുറന്നിട്ട എല്ലാ രക്തസാക്ഷികളും എന്നും നമ്മുടെ ഓര്‍മകളിലും മനങ്ങളിലും നിറയട്ടെ. അതുല്യമായ രക്തസാക്ഷിത്വങ്ങള്‍ ആവേശമായി നിലനിന്നിടട്ടെ ഭാരതീയരില്‍.

 

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …