വാണിജ്യ സിലിണ്ടറില്‍ നിന്നൂറ്റി ഗാര്‍ഹിക സിലിണ്ടര്‍ നിറയ്ക്കും: വ്യാജസീലും പതിച്ച് വിപണി വിലയ്ക്ക് വില്‍പ്പന: കോഴഞ്ചേരിയില്‍ അനധികൃത ഗ്യാസ് നിറയ്ക്കല്‍ കേന്ദ്രം പിടികൂടി

0 second read
Comments Off on വാണിജ്യ സിലിണ്ടറില്‍ നിന്നൂറ്റി ഗാര്‍ഹിക സിലിണ്ടര്‍ നിറയ്ക്കും: വ്യാജസീലും പതിച്ച് വിപണി വിലയ്ക്ക് വില്‍പ്പന: കോഴഞ്ചേരിയില്‍ അനധികൃത ഗ്യാസ് നിറയ്ക്കല്‍ കേന്ദ്രം പിടികൂടി
0

പത്തനംതിട്ട: കോഴഞ്ചേരിക്ക് സമീപം മേലുകരയില്‍ അനധികൃതമായി പാചകവാതകം നിറച്ച് വില്‍ക്കുന്ന കേന്ദ്രത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ്. സിലിണ്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഗ്യാസ് നിറയ്ക്കാനുപയോഗിക്കുന്ന യൂണിറ്റ്, നാട്ടില്‍ ഇല്ലാത്ത പ്രവാസികളുടെ ഗ്യാസ് കണക്ഷന്‍ ബുക്ക്, നിറച്ച സിലിണ്ടറുകള്‍ കടത്താനുപയോഗിച്ച് വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് കണ്ടെത്തിയത്.

പത്തനംതിട്ട ടൗണിലെ തീ പിടുത്തത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി ജി ലേഖ, ജില്ലാ സപ്ലൈ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ജോസി സെബാസ്റ്റിയന്‍, ജൂനിയര്‍ സൂപ്രണ്ട് ബിജു രാജ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എസ് സുമന്‍, ശ്രീജ കെ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. മേലുകര പുതുപ്പറമ്പില്‍ സുരേഷിന്റെ വീട്ടിലാണ് നിയമലംഘനം നടത്തി യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

19 ഗ്യാസ് സിലിണ്ടറുകള്‍, ഗ്യാസ് നിറക്കാനുള്ള പമ്പ് തുടങ്ങി നിരവധി സാധന സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. ഗാര്‍ഹിക, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടര്‍ റീ ഫില്ലിങ് സുരേഷിന്റെ വീട്ടില്‍ നടന്നതായി കണ്ടെത്തി. വീടിന് തൊട്ടു മുന്നിലുള്ള പട്ടിക്കൂട്ടിലാണ് നിറഞ്ഞ സിലിണ്ടറില്‍ നിന്ന് ഒഴിഞ്ഞതിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന പൈപ്പുകളും മറ്റു ഉപകരണങ്ങളും സ്ഥാപിച്ചിരുന്നത്. ഇവിടെ നിന്നും റീ ഫില്ലിങിനു ശേഷം പതിപ്പിക്കാനുള്ള വ്യാജ സീലുകളും കണ്ടെത്തി. 19 സിലിണ്ടറുകളും തൂക്കം പരിശോധിക്കാനുള്ള ത്രാസും
പിടികൂടി.

സിലിണ്ടര്‍ നിറച്ചു കഴിഞ്ഞാല്‍ പുതിയതെന്ന് തോന്നിക്കുന്ന തരത്തില്‍ സീല്‍ ചെയ്തായിരുന്നു വ്യാപാരം നടത്തിയിരുന്നത്. അടുത്ത പ്രദേശങ്ങളിലുള്ള ഗ്യാസ് ഏജന്‍സികളില്‍ നിന്ന് മറ്റുള്ളവരുടെ പേരിലും അനധികൃതമായും എടുക്കുന്ന ഗ്യാസ് സിലിണ്ടറുകളാണ് സുരേഷ് വീട്ടില്‍ എത്തിച്ചു തൂക്കത്തില്‍ കൃത്രിമം നടത്തി മറിച്ചു വില്‍പ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകളില്‍ പത്തെണ്ണം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒമ്പത് സിലണ്ടറുകളും കണ്ടെത്തി.
ഇതില്‍ ഭാരത് ഗ്യാസിന്റെയും ഇന്‍ഡേനിന്റെയും സിലിണ്ടറുകള്‍ ഉള്‍പ്പെടും. ഗ്യാസ് സിലിണ്ടര്‍ വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന്റേതെന്ന് കരുതുന്ന വ്യത്യസ്തമായ രണ്ടു നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി. ഏറെ അപകടം ഉണ്ടാകും വിധം പഞ്ചായത്ത് റോഡിന് സമീപമാണ് ഫില്ലിങ് നടത്തിയിരുന്നത്. ഇവിടെ ഗ്യാസ് ചോര്‍ന്നാല്‍ വലിയ അപകട സാധ്യതയാണ് ഉണ്ടാവുക.

കലക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ പരിശോധന നടത്തിയെങ്കിലും പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിന്റെ കാരണം വിശദീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകളും റീ ഫില്ലിങിനു ഉപയോഗിച്ച ഉപകരണങ്ങളും നിയമ നടപടികളുടെ ഭാഗമായി മേലുകരയിലെ അംഗീകൃത ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റി. തുടര്‍ നടപടികളുടെ ഭാഗമായി ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കുമെന്ന് സപ്ലൈ ഓഫീസര്‍ എം അനില്‍ പറഞ്ഞു.

പ്രവാസികള്‍ ഏറെയുള്ള കോഴഞ്ചേരിയില്‍ നിരവധി ഉപഭോക്താക്കള്‍ ഗ്യാസ് എടുക്കാറില്ല. ഇവരുടെ പേരില്‍ ഉള്ള കണക്ഷന്‍ ഉപയോഗിച്ചാണ് അനധികൃത കച്ചവടം നടക്കുന്നത്. ഇപ്പോള്‍ പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറിനൊപ്പവും
പ്രവാസികളുടേത് എന്ന് പറയുന്ന അക്കൗണ്ട് ബുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ് ഏജന്‍സികളുടെ പക്കലും ഇത്തരത്തിലുള്ള ബുക്കുകള്‍ ഉണ്ടെന്ന് പറയുന്നു. ഇത് ഉപയോഗിച്ചാണ് പലയിടത്തും അനധികൃതമായി സിലിണ്ടര്‍ നല്‍കുന്നത്. നേരത്തെ സബ്‌സിഡി ഉണ്ടായിരുന്നപ്പോള്‍ ഇതിന് കുറവ് വന്നെങ്കിലും ഇപ്പോള്‍ ഇത് പിന്‍വലിച്ചതോടെ വീണ്ടും അനധികൃത കച്ചവടം വ്യാപിക്കുകയാണ്.

മുന്‍പും ഇതേ പോലെ അനധികൃത ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കല്‍ പിടികൂടിയിട്ടുണ്ട്. അന്വേഷിച്ച് ചെല്ലുമ്പോള്‍ ഏതെങ്കിലും ഗ്യാസ് ഏജന്‍സികള്‍ പ്രതിക്കൂട്ടിലാകും. പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല.
വാണിജ്യ സിലിണ്ടര്‍ 19.2 കിലോയാണ്. ഇതില്‍ രണ്ടോ മൂന്നോ കിലോ ഗാര്‍ഹിക സിലിണ്ടറിലേക്ക് മാറ്റും. ഇത്തരം മൂന്നോ നാലോ സിലിണ്ടറുകളില്‍ നിന്നായി ഗ്യാസ് ഊറ്റി ഒരു ഗാര്‍ഹിക സിലിണ്ടര്‍ നിറയ്ക്കും. അതിന് ശേഷം വിപണി വിലയ്ക്ക് വില്‍ക്കും. വാണിജ്യ സിലിണ്ടര്‍ അനധികൃതമായി ഹോട്ടലുകള്‍ക്കും തട്ടുകടക്കാര്‍ക്കും നല്‍കുന്നതിനാല്‍ അവര്‍ തൂക്കം ശ്രദ്ധിക്കാറില്ല. ഇങ്ങനെ എത്ര വേണമെങ്കിലും സിലിണ്ടര്‍ നല്‍കും. പണം പിന്നീട് ചെന്ന് വാങ്ങും.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …