ശബരിമലയില്‍ 45 ലക്ഷത്തോളം തീര്‍ഥാടകരെത്തി: മന്ത്രി കെ രാധാകൃഷ്ണന്‍

0 second read
Comments Off on ശബരിമലയില്‍ 45 ലക്ഷത്തോളം തീര്‍ഥാടകരെത്തി: മന്ത്രി കെ രാധാകൃഷ്ണന്‍
0

ശബരിമല: ഈ വര്‍ഷത്തെ മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ഭക്തരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായെന്ന് പട്ടികജാതി പട്ടിക വര്‍ഗ പിന്നോക്ക ക്ഷേമദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഏകദേശം 45 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ജനുവരി 20 വരെയുള്ള കണക്കെടുക്കുമ്പോള്‍ 50 ലക്ഷത്തിലധികം ആളുകള്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.

കൊവിഡിന് ശേഷം വിപുലമായി നടത്തപ്പെട്ട തീര്‍ഥാടന കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തിയത്. സ്വഭാവികമായും ഇത്രയധികം ഭക്തര്‍ എത്തുമ്പോള്‍ ആവശ്യമായ സൗകര്യമൊരുക്കുക വലിയ പ്രയാസമുള്ള കാര്യമായിരുന്നു. അത് കണ്ടു കൊണ്ടു തന്നെ മുന്‍കൂട്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി നേതൃത്വം കൊടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒപ്പം തന്നെ വിവിധ വകുപ്പുകളുടെ യോഗങ്ങള്‍ മന്ത്രിതലത്തിലും നടത്തി. ഓരോ വകുപ്പിലേയും മന്ത്രിമാര്‍ പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന് വകുപ്പുകള്‍ ശബരിമലയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തു. കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകൂടവും കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങളും തീര്‍ഥാടനം മെച്ചപ്പെട്ട രീതിയിലാക്കാന്‍ നല്ല ഇടപെടലുകള്‍ നടത്തി.

കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കിയത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. പ്രധാനമായും അഞ്ച് ദേവസ്വം ബോര്‍ഡുകള്‍, അവയ്ക്ക് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തര്‍ക്കടക്കം ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സന്നദ്ധരായി. സന്നദ്ധ സേവന സംഘടനകളും കാര്യമായ സഹായങ്ങള്‍ ചെയ്തു.
സന്നിധാനത്തും പമ്പയിലും വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് വിവിധ വകുപ്പുകള്‍ ചെയ്തത്. അത് ക്രോഡീകരിക്കാനുള്ള വലിയ ശ്രമം പത്തനംതിട്ട കളക്ടറുടെ നേതൃത്വത്തില്‍ നടന്നു. എ ഡി ജി പിയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള പോലീസ് സേനാംഗങ്ങളുടെ സഹകരണം ഉണ്ടായി. വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടായി. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് മുമ്പ് പലപ്പോഴും പല വീഴ്ച്ചകള്‍ക്കും കാരണമായത്. അതു കൊണ്ടു തന്നെ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് അവരുടെ കൂടെ പങ്കാളിത്തതോടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അതു കൊണ്ടു തന്നെയാണ് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തിയ ശേഷവും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കഴിഞ്ഞത്.

തെലങ്കാന, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ഭക്തരെത്തിയെന്നത് ഇത്തവണത്തെ തീര്‍ഥാടനകാലത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി. വിദേശത്തു നിന്നടക്കം ധാരാളം ഭക്തരാണെത്തിയത്. വരുന്ന ഭക്തര്‍ക്ക് അവരുടെ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനായി സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ശബരിമലയില്‍ ഭൂമിയുടെ ലഭ്യത വളരെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പരിമിതമായ ഭൂമിയുടെ ലഭ്യത ഉപയോഗപ്പെടുത്തി കൊണ്ടാണ് വാഹന പാര്‍ക്കിംഗിനടക്കം സൗകര്യം കണ്ടെത്തുന്നത്. ഇതിന് പുറമെ അധികമായി സ്ഥലം കണ്ടെത്തിയാണ് ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ കഴിയുന്നത്. ഇതിന്റെയെല്ലാം ഫലമായി എല്ലാ ആളുകളുടെയുംസഹായത്തോടു കൂടി ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനം ഏറ്റവും ഭംഗിയായിട്ട് നടത്താന്‍ കഴിഞ്ഞു. വിവിധ എം എല്‍ എമാരുടെയും പ്രസിഡന്റ് അടക്കമുള്ള ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും നല്ലരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി.

സന്നിധാനത്ത് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനമുണ്ടായി. എല്ലാ അര്‍ഥത്തിലും ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടന കാലം ഏറ്റവും ഭംഗിയായി നടത്തുന്നതിന് എല്ലാ തലത്തില്‍ നിന്നുള്ള സഹായസഹകരണങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തജന തിരക്ക് വര്‍ധിച്ച് വരുന്ന സ്ഥിതിയുണ്ട്. ഓരോ ഭക്തനും സ്വയം നിയന്ത്രിക്കാന്‍ വേണ്ടിയുള്ള ശ്രദ്ധ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇനിയങ്ങോട്ടും ആ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …