ദുബൈ: പൊലീസ് യൂണിഫോം അണിഞ്ഞ് നഗരത്തില്‍ ചുറ്റണമെന്ന സഹോദരങ്ങളുടെ ആഗ്രഹം സഫലീകരിച്ച് ദുബൈ പൊലീസ്. അല്‍ മുല്ല കുടുംബത്തിലെ ഹമദ്, അവോഷ എന്നിവരുടെ ആഗ്രഹമാണ് പൊലീസ് സഫലീകരിച്ചത്.
പൊലീസ് ആപ്പിലെ ‘ദുബൈ പൊലീസ് ലീഡേഴ്‌സ് അറ്റ് യുവര്‍ സര്‍വിസ്’ എന്ന സേവനം ഉപയോഗിച്ചാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മക്കളുടെ ആഗ്രഹം പ്രകടിപ്പിച്ചത്. പൊലീസ് ഓഫിസര്‍മാരുടെ ജീവിതം അറിയാനും സൂപ്പര്‍ കാറില്‍ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്നാണ് ഇവര്‍ അറിയിച്ചത്.
സന്ദേശം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ ആഗ്രഹസഫലീകരണത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. പൊലീസിന്റെ കുട്ടിക്കുപ്പായവും സമ്മാനങ്ങളും നല്‍കിയശേഷം പൊലീസിന്റെ ആഡംബര വാഹനത്തില്‍ ഇവരെ നഗരംചുറ്റിച്ചു. പൊലീസിന്റെ സെക്യൂരിറ്റി ഇന്‍സ്‌പെക്ഷന്‍ വിഭാഗമായ കെ 9 യൂണിറ്റിന്റെ ഡോഗ് ഷോ കാണാനും അവസരം നല്‍കി. കുട്ടികളുടെ ആഗ്രഹം സഫലീകരിക്കുക എന്നത് പൊലീസിന്റെ നയമാണെന്നും സമൂഹത്തില്‍ സന്തോഷവും പോസിറ്റിവ് ഊര്‍ജവും പകരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്നും കമ്യൂണിറ്റി ഹാപ്പിനസിലെ സുരക്ഷാ ബോധവത്കരണ വിഭാഗം ഡയറക്ടര്‍ ബുത്തി അഹ്മ്മദ് ബിന്‍ ദര്‍വീഷ് അല്‍ ഫലാസി പറഞ്ഞു. കുട്ടികളുടെ കുടുംബം പൊലീസിന് നന്ദി അറിയിച്ചു.